പൊതുസ്ഥലത്ത് മദ്യപിച്ച് പോലീസുകാരെ ആക്രമിച്ചു; മുംബൈയില്‍ നാല് യുവതികള്‍ പിടിയില്‍

പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത നാല് യുവതികളെ മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാരെയാണ് ഇവര്‍ ആക്രമിച്ചത്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മംമ്താ മെഹർ (25), അലീഷ പിള്ള (23), കമൽ ശ്രീവാസ്തവ (22), ജെസ്സി ഡികോസ്റ്റ (22) എന്നീ യുവതികളാണ് പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയില്‍ മുംബൈയിലെ ഭയന്തറിലാണ് യുവതികള്‍ പോലീസുകാരെ ആക്രമിച്ചത്. രാത്രി രണ്ട് മണിക്കാണ് നാല്‍വര്‍ സംഘം ഭയാന്തറിലുള്ള ഭഗത് സിംഗ് പ്ലേ ഗ്രൗണ്ടിലെ മാക്‌സസ് മാളിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയത്. നാല് പേരും തമ്മില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്രോളിംഗ് സംഘം അവിടെയെത്തുകയായിരുന്നു. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മനീഷ പാട്ടീല്‍ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയും കൂട്ടത്തിലുണ്ടായിരുന്നു. നാല് പേരും തമ്മില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടി. ഇതിനിടയില്‍ യുവതികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നാല് യുവതികള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും പോലീസ് യൂണിഫോം ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിക്കുകയും നെയിംബാഡ്ജ് കീറികളയുകയും വ്യക്തമായി കാണാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here