‘ആറ് വര്‍ഷം മുന്‍പ് യുവതികള്‍ സന്നിധാനത്ത് എത്തി’; എന്തുകൊണ്ട് രാഹുല്‍ അന്ന് പ്രതികരിച്ചില്ല? (ഫേസ്ബുക്ക് പോസ്റ്റ്)

ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ആദ്യ ദിവസം സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തവര്‍ പോലും ഇന്ന് വിധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കേസില്‍ വാദം നടക്കുമ്പോള്‍ തന്നെ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാടെടുത്ത വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. വിധി വന്നതിന് ശേഷവും വലിയ പ്രതിഷേധവുമായി രാഹുല്‍ രംഗത്തെത്തി. വിധി പുറപ്പെടുവിച്ച അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയെ ‘കള്ളന്‍’ എന്ന് പോലും രാഹുല്‍ പരസ്യമായി വിളിച്ചു. ശബരിമലയിലെ എല്ലാ ആചാരങ്ങളും അതേപടി നിലനിര്‍ത്താന്‍ താന്‍ പോരാടുമെന്ന് പറഞ്ഞ രാഹുല്‍ വിവിധ തരം പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തു.
എന്നാല്‍, ഈ വിധി വരുന്നതിന് ആറ് വര്‍ഷം മുന്‍പ് ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ യുവതികള്‍ പ്രവേശിച്ചിട്ടുള്ളതായും അത് രാഹുല്‍ ഈശ്വര്‍ അറിഞ്ഞിട്ടുള്ളതായും മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ദേശാഭിമാനി പത്തനംതിട്ട ലേഖകനായ എബ്രഹാം തടിയൂരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 2012 ഏപ്രില്‍ ആറിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഏതാനും യുവതികള്‍ ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. അന്ന് ശബരിമലയിലെ കരാറുകാരനായിരുന്ന സുനിൽ സ്വാമി എന്ന വ്യവസായിയുടെ സ്വാധീനത്തിൽ 20നും 45നുമിടക്ക് പ്രായമുള്ള മൂന്ന് യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതായി 2012 ഏപ്രിൽ ആറിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
മുംബൈ സ്വദേശികളെന്ന് കരുതുന്ന യുവതികൾ പൊലീസ് സംരക്ഷണത്തിലാണ് ശബരിമല ക്ഷേത്ര ദർശനം നടത്തിയത്. ശബരിമല സ്‌ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഇന്ന് കോലാഹലം സൃഷ്‌ടിക്കുന്ന രാഹുൽ ഈശ്വറിന്റെ അന്നത്തെ പ്രതികരണവും എബ്രഹാം തടിയൂർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞിനാൽ താനാ വിഷയം വിട്ടെന്നും അന്ന് രാഹുൽ ഈശ്വർ എബ്രഹാം തടിയൂരിനോട് പറഞ്ഞിരുന്നു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വന്‍ പ്രതിഷേധം നടത്തുന്ന രാഹുല്‍ ഈശ്വര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (യുവതീപ്രവേശനം അന്ന് നിയമവിധേയം പോലുമല്ല) നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലിസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.
ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്.ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.
ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. “ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ ‘ എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ‘സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു ‘ എന്നാണ് .
സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലം കാരനായ ഒരു വൻ വ്യവസായി ആണ്. തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.
ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.
മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്.
ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012-ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി?. അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here