Advertisement

‘സ്ത്രീക്കും പുരുഷനും തുല്യനീതിയെന്നതാണ് എല്‍ഡിഎഫിന്റെ നിലപാട്’: മുഖ്യമന്ത്രി

October 24, 2018
1 minute Read

പുരുഷനും സ്ത്രീക്കും തുല്യനീതിയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാസ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു. ഇങ്ങനെയൊരു നിലപാട് ഉണ്ടായിട്ടും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ തടഞ്ഞിരുന്നത് ഹൈക്കോടതി വിധിയുള്ളതിനാലാണ്. അന്നും സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കുകയാണ് ചെയ്തത്. ആര്‍എസ്എസിന് കൃത്യമായ അജണ്ടയുണ്ട്. കേരളത്തിന്റെ മതേതരത്വം ഭേദിക്കാന്‍ പല ശ്രമങ്ങളും ആര്‍എസ്എസ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും പ്രത്യേക നിലപാട് എടുത്തിട്ടില്ല. സ്ത്രീകള്‍ മുന്‍പും ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ട്. അതിന്റെ പ്രധാന സാക്ഷി കുമ്മനം രാജശേഖരനാണ്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നു എന്നുപറഞ്ഞുകൊണ്ട് കുമ്മനം ഹൈക്കോടതിക്ക് അയച്ച കത്ത് പിന്നീട് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി.

കുമ്മനം രാജശേഖരന്‍ ശബരിമലയിലെ തന്ത്രിക്ക് അയച്ച കത്തും തന്ത്രി അയച്ച മറുപടിയും എല്ലാം കോടതിയുടെ മുന്നിലെത്തി. തന്ത്രിക്കയച്ച കത്തില്‍ പറഞ്ഞ കാര്യം ഇവിടെ സ്ത്രീകള്‍ ധാരാളമായി വരുന്നു, വിവാഹങ്ങള്‍ നടക്കുന്നു, സിനിമ ഷൂട്ടിംഗ് നടക്കുന്നു എന്നാണ്.

സ്ത്രീകള്‍ ഒരു തടസുമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നും പിണറായി പറഞ്ഞു. ഇത് അവസാനിക്കുന്നത് 1991ല്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് വരുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട് പഴയ ഒട്ടേറെ ആചാരങ്ങളും ദുരാചാരങ്ങളും അവസാനിപ്പിച്ചത് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. പണ്ട് മാറ് മറക്കാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമില്ലായിരുന്നു. ഇപ്പോള്‍ നമ്മുക്ക് ലഭിച്ചിട്ടുളള അവകാശങ്ങള്‍ ഈ തലമുറ അനുഭവിക്കുമ്പോള്‍ മുമ്പ് നാം എവിടെയായിരുന്നു എന്ന് മനസിലാക്കയിലാണ് കടന്നുവന്ന വഴിയെ പറ്റി കൃത്യമായ ധാരണ കിട്ടുകയുളളൂ- പിണറായി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top