ഫാദര്‍ കുര്യാക്കോസിന്റെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയെ വിശ്വാസികള്‍ തടഞ്ഞു

പീഡനക്കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധസമരം നടത്തിയ സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകളെ വിശ്വാസികള്‍ തടഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാദര്‍ കുര്യാക്കോസിന്റെ സംസ്‌കാര ചടങ്ങിനുശേഷം ചേര്‍ത്തല പള്ളിപ്പുറം സെന്റ്. മേരീസ് പള്ളിയില്‍ വച്ചായിരുന്നു വിശ്വാസികളെന്ന പേരില്‍ ഒരുകൂട്ടം സിസ്റ്ററെ തടഞ്ഞതും വ്യക്തിപരമായി അധിക്ഷേപിച്ചതും. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം ആളുകള്‍ അനുപമയ്‌ക്കെതിരെ തിരിഞ്ഞത്. സഭയുടെ നല്ല പേര് കളങ്കപ്പെടുത്തിയെന്നും ഇക്കൂട്ടര്‍ സിസ്റ്ററിനെതിരെ ആരോപണമുന്നയിച്ചു.
ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജലന്ധറില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയായിരുന്നു കുര്യാക്കോസിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here