അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതെന്ന് അലോക് വര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.സിബിഐ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞാൽ മതിയായ കാരണങ്ങൾ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്നും അലോക് വര്‍മ്മ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്നാണ് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചത്. ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിനാണ് പകരം ചുമതല നല്‍കിയത്. ഇതിനെയും ഹര്‍ജി ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. അഴിമതി കേസില്‍ ആരോപണ വിധേയനായതോടെ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് രാകേഷ് അസ്താന അലോക് വര്‍മ്മയ്ക്ക് എതിരെ അഴിമതി ആരോപണവുമായി രംഗത്ത് എത്തി. ഈ പോര് മുറുകിയതോടെയാണ് ഇരുവരോടും മാറി നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here