നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; ‘പണമരം’ ഹ്രസ്വചിത്രം കാണാം

കുഞ്ഞുമനസ്സിലെ ചിന്തകളും സ്വപ്നങ്ങളും ഒരു കൊച്ചു സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പണമരം എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറക്കാര്‍. പ്രായമാകും തോറും നഷ്ടമാകുന്ന നിഷ്കളങ്കതയുടെ ലോകത്തേക്ക് ഒരിക്കല്‍ കൂടി തിരിച്ചുപോകാന്‍ പണമരം നമ്മെ നിര്‍ബന്ധിക്കുന്നു. പണമരത്തിലെ അമ്മു നിഷ്കളങ്കമായ ബാല്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.
പണം കായ്ക്കുന്ന മരമുണ്ടെങ്കില്‍ ജീവിതം സുഖകരമായിരിക്കുമെന്ന അമ്മ പറയുന്നത് കേട്ട അമ്മുവിന് ഒരു പണമരം വരയ്ക്കാന്‍ തോന്നി. തന്റെ കുഞ്ഞുകൈളിലെ നാണയങ്ങള്‍ ചേര്‍ത്ത് അമ്മു ഒരു പണമരം വരച്ചു. പക്ഷേ പടത്തിലുള്ള മരം കായ്ക്കില്ലെന്ന തോന്നിയ അമ്മു തന്റെ കുടുക്കയില്‍ നിന്ന് ഒരു നാണയം എടുത്ത് തൊടിയില്‍ കുഴിച്ചിട്ടു. ദിവസവും രാവിലെ അതിന് വെള്ളം ഒഴിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്ത അമ്മു നാണയം മുളയ്ക്കുമെന്ന് വിശ്വസിച്ചു.
ദിവസങ്ങള്‍ കടന്നുപോയി. എന്നാലും അമ്മു അവളുടെ പണമരത്തെ മറന്നില്ല. നിഷകളങ്കത നിറഞ്ഞ മനസ്സുമായി അമ്മു എന്നും നാണയം കുഴിച്ചിട്ടിടത്ത് എത്തും. വെള്ളവും സ്നേഹവും കൊടുത്ത് അവള് പണമരത്തിനായി കാത്തിരിന്നു. നാളുകള്‍ക്ക് ശേഷം അമ്മു നാണയം കുഴിച്ചിട്ടിടത്ത് ഒരു കുഞ്ഞ് ചെടി മുളച്ചു. നാണയം മുളച്ചതാണെന്ന് കരുതി ആ നിഷ്കളങ്ക ബാല്യം ഏറെ സന്തോഷിച്ചു. എന്നാല്‍ തൊടി വൃത്തിയാക്കിയതിന്റെ കൂടെ അമ്മുവിന്റെ പണമരവും വെട്ടിമാറ്റപ്പെട്ടു. തന്റെ പണമരം നഷ്ടപ്പെട്ടത് അമ്മുവിന് സമ്മാനിച്ചത് ദുഖത്തിന്റെ കയ്പ്പായിരുന്നു. മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കണമെന്ന് പഠിച്ച് അമ്മു ഉറക്കത്തില്‍ തന്റെ അമ്മയോട് ചോദിക്കുന്നത് എന്തിനാണ് മരങ്ങള്‍ വെട്ടിയതെന്നാണ്.
കുഞ്ഞുമനസ്സില്‍ നന്മകള് നിറയ്ക്കുന്നതും വെട്ടിമാറ്റുന്നതും നമ്മള് മുതിര്‍ന്നവര്‍ തന്നെയാണ്. ടീച്ചര്‍ പഠിപ്പച്ചത് മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കാനാണെങ്കില്‍ അമ്മ മരങ്ങളെ വെട്ടി നശിപ്പിക്കുകയാണ് ചെയ്തത്. പ്രകൃതി തന്നെയാണ് നമ്മുടെ പണമരം. എല്ലാ ചെടികളും, മരങ്ങളും പണമരങ്ങളാണെന്നത് തിരിച്ചറിയാതെ പോകുകയാണ് നമ്മള്. അമ്മുവെന്ന കഥാപാത്രത്തിലൂടെ പ്രകൃതിയുടെ മൂല്യങ്ങളെക്കറിച്ച് പറയുകയാണ് പണമരമെന്ന ഷോര്‍ട്ട് ഫിലിം.
ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരാണ് ‘പണമരം’ എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറയിലുള്ളത്. അമൃതപ്രസാദാണ് പണമരത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചന്ദ്രജിത്താണ് നിര്‍മാണം. എസ്. സുമേഷ്, കണ്ണന് അഖില്‍ എന്നിവരാണ് ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. ബേബി ആശ്ചര്യയാണ് കേന്ദ്ര കഥാപാത്രമായ അമ്മുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here