പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് വി.എസ് രാജേഷിന്

പത്രപ്രവർത്തന രംഗത്തെ മികവിനുള്ള ‘പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ’യുടെ ദേശീയ അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷിനെ തിരഞ്ഞെടുത്തു. വികസനോന്മുക റിപ്പോർട്ടിംഗിനാണ് പത്രപ്രവർത്തന രംഗത്തെ ദേശീയ ബഹുമതി രാജേഷിനെ തേടിയെത്തിയത്. കേരള കൗമുദിയിൽ കഴിഞ്ഞ വർഷം ജനുവരി 23 മുതൽ 29 വരെ പ്രസിദ്ധീകരിച്ച ‘ജീവൻ രക്ഷയിലും കച്ചവടം’ എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. ഹൃദയ ചികിത്സയ്‌ക്കുള്ള സ്‌റ്റെന്റ് വിൽപ്പനയിലെ കൊള്ളയെക്കുറിച്ചുള്ള ഈ പരമ്പര സ്‌റ്റെന്റിന്റെ വില ഗണ്യമായി കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിർണായക പങ്ക് വഹിച്ചു. അരലക്ഷം രൂപയും ശിൽപവും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് നാഷണൽ പ്രസ് ഡേ ആയ നവംബർ 16ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസ് കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here