മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറി അപകടം; തീവച്ചത് പിടിയിലായ ജീവനക്കാര്‍, അട്ടിമറി സ്ഥിരീകരിച്ചു

മൺവിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാർ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചിറയിൻകീഴ് സ്വദേശി ബിമൽ, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങൾ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചതെന്ന് സമ്മതിച്ചത്. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് തീയിട്ടത്.
സംഭവദിവസം ഡ്യൂട്ടിയ്‌ക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. ബിമലാണ് തീവച്ചത്. ഇയാൾക്ക് 19 വയസ് മാത്രമാണ് പ്രായം. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ ഇന്ന് കസ്റ്റഡിയിലെടുത്തത്. മൂവായിരം രൂപയാണ് ഇവരുടെ ശമ്പളത്തില്‍ നിന്നും വെട്ടിക്കുറച്ചത്. അതേസമയം തീപിടിത്തത്തില്‍ കമ്പനിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി പറയുന്നത്.
തീപിടിത്തത്തിന് മുമ്പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതിനോട് അടുപ്പിച്ചുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇങ്ങനെയാണ് പൊലീസിനുണ്ടായത്. മണ്‍വിള വ്യവസായ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിര്‍മ്മാണ യൂണിറ്റില്‍ ഒക്ടോബര്‍ 31നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here