ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ട് പിടിക്കാന്‍ രാഹുലിനൊപ്പം ‘മോദി’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാദൃശ്യമുള്ളതിന്റെ പേരില്‍ ജനശ്രദ്ധ നേടിയ അഭിനന്ദ് പതക്ക് ബിജെപി വിട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ട് പിടിക്കാന്‍ കളത്തിലിറങ്ങുകയും ചെയ്തു അഭിനന്ദ് പതക്ക്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഛത്തീസ്ഗഢില്‍ അഭിനന്ദ് പതക്ക് പ്രചാരണം നടത്തി. അഭിനന്ദ് പതക്കിനൊപ്പം നില്‍ക്കുന്ന ചിത്രം സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്താന്‍ തങ്ങള്‍ക്ക് ലഭിച്ച ആളെ നോക്കൂ…’എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2014 തെരഞ്ഞെടുപ്പില്‍ മോദിക്കായി പ്രചാരണം നടത്തിയ അഭിനന്ദ് പതക്ക് ‘അച്ഛാദിന്‍ ഇനി വരില്ല, അതെല്ലാം തെറ്റായ വാഗ്ദാനം മാത്രമായിരുന്നു’ എന്ന് പറഞ്ഞാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ജഗ്ദല്‍പൂരിലാണ് അഭിനന്ദ് പതക്ക് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here