ശബരിമല; സാവകാശ ഹർജി ഇല്ല; സമർപ്പിക്കാനാവുക ഒരു അപേക്ഷ മാത്രം

ആർ.രാധാക്യഷ്ണൻ
ശബരിമല വിഷയത്തിൽ സാവകാശ ഹർജി നൽകാൻ തിരുമാനിച്ചാലും തിരുവതാംകൂർ ദേവസ്വം ബോർഡിന് അതിന് സാധിയ്ക്കില്ല. കാരണം സാവകാശ ഹർജി എന്ന ഒരു ഹർജി നിയമപരമായി ഇല്ല എന്നതുകൊണ്ട് തന്നെ. ജനുവരി 22 ന് പുനപരിശോധനാ ഹർജി കേൾക്കാം എന്ന് പ്രസ്താവിച്ച സാഹചര്യത്തിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന് ഇനി പരമാവധി സാധിയ്ക്കുക ഒരു അപേക്ഷ നൽകാൻ മാത്രം. ഈ അപേക്ഷയിൽ പ്രതിഷേധം ഉയർത്തുന്നതിനാൽ യുവതി പ്രവേശനം ഇപ്പോൾ സാധിക്കില്ല എന്ന് വിവരിക്കാനും ദേവസ്വം ബോർഡിനാകില്ല. അതിന് സ്ത്രികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇപ്പോൾ സാധിക്കില്ലെന്നും സാവകാശം നൽകണം എന്നും അടക്കമുള്ള മറ്റ് കാരണങ്ങൾ ഇതിന് നിരത്തേണ്ടി വരും.
ഇനി ഇങ്ങനെ സമർപ്പിക്കുന്ന ഹർജി പരിഗണിയ്ക്കുന്നതുമായ് ബന്ധപ്പെട്ടും നിയമപരമായ ചില വിഷയങ്ങൾ ഉണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് വിവേചന അധികാരം ഉപയോഗിച്ച് കൈക്കൊള്ളുന്ന തിരുമാനം ആകും പ്രധാനം. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം നൽകുന്നതാണ് വിഷയം എന്നതിനാൽ മൂന്നംഗ ബെഞ്ച് എങ്ങനെ ഇക്കാര്യം തിരുമാനിക്കും എന്ന ചോദ്യം ഉയരാം. അങ്ങനെ എങ്കിൽ അഞ്ചംഗ ബെഞ്ച് തന്നെ അപേക്ഷ പരിഗണിക്കേണ്ടി വരും. സമർപ്പിക്കപ്പെടുന്ന അപേക്ഷയിൽ എതിർ കക്ഷികൾക്ക് നോട്ടിസ് നൽകാൻ കോടതി തിരുമാനിച്ചാൽ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ മറുപടി പറയേണ്ടി വരും. അപേക്ഷയെ എതിർത്തു കൊണ്ട് ആരെങ്കിലും എതിർവാദം ഉന്നയിച്ചാൽ വീണ്ടും കാര്യങ്ങൾ സങ്കീർണ്ണമാകും. അങ്ങനെ എങ്കിൽ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ പരിശോധിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാനും സാധ്യത ഉണ്ട്.
സമർപ്പിക്കപ്പെടുന്ന അപേക്ഷ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് തന്നെയാണ്. പുനപരിശോധന ഹർജി അനുവദിച്ച് തിരുമാനം കൈക്കൊണ്ടപ്പോഴും വിധി സ്റ്റേ ചെയ്യുന്നതിനോട് ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാർക്ക് ഒപ്പം വിയോജിച്ചിരുന്നു. തുറന്ന കോടതിയിൽ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധന ഹർജി പരിഗണിക്കുന്നത് വരെ മാറ്റിവയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോഴും ചീഫ് ജസ്റ്റിസ് അംഗികരിച്ചിരുന്നില്ല. ഇനി സമർപ്പിക്കുന്ന അപേക്ഷ എതെങ്കിലും സാഹചര്യത്തിൽ അനുവദിച്ചില്ലെങ്കിൽ യുവതിപ്രവേശ വിധി നടപ്പാക്കാൻ സർക്കാർ കൂടുതൽ സമ്മർദ്ധത്തിലാകുകയും ചെയ്യും. അപേക്ഷ തള്ളി നിർദേശം രൂപേണ എന്തെങ്കിലും കോടതി പറഞ്ഞാൽ തിരുവതാംകൂർ ദേവസ്വം ബോർഡ് വെളുക്കാനായി തേച്ചത് പാണ്ടായി മാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here