മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും

ണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും ഒരുങ്ങി. ശബരിമല അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
മണ്ഡല പൂജ ഉത്സവത്തിനായി ശബരിമല നട വൈകുന്നേരം 5 ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതലയേൽക്കും. പുതിയ മേൽശാന്തിമാരെ അവരോധിച്ച് അഭിഷേകവും നടത്തുന്ന കർമ്മങ്ങൾ ചെയ്യുക തന്ത്രിയായിരിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. രാത്രി 10 ന്ഹരിവരാസനം പാടി നട അടക്കം. നാളെ വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് തീർഥാടകർക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും ബേയ്സ് ക്യാമ്പായ നിലയ്ക്കലും പൂർത്തിയായി കഴിഞ്ഞു. പ്രളയത്തിൽ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തകർന്നടിഞ്ഞിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടുകയും നിലയ്ക്കൽ പുതിയ ബേയ്സ് ക്യാമ്പായി ഉയർത്തുന്നതിന് ടാറ്റാ കൺസ്ട്രക്ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. പമ്പ ത്രിവേണിയിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും നിലയ്ക്കൽ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായി കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.
ഇക്കുറി തീർഥാടകർ വലിയ തോതിൽ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതൽ കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് സഹായങ്ങൾ മികച്ച നിലയിൽ സമയ ബന്ധിതമായി നൽകുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെൻററുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം നടത്തും. എ ഡി എം വി.ആർ. പ്രേംകുമാർ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുകളും ഇതിനായി പോലീസ് തുറന്നിട്ടുണ്ട്. തീർഥാടകർക്ക് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കലെ ഓപ്പറേഷൻ തിയേറ്റർ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here