ശബരിമലയിലെ നടവരവിനെ ചൊല്ലി സർക്കാർ – ബിജെപി വാക്‌പോര്

ശബരിമലയിലെ നടവരവിനെ ചൊല്ലി സർക്കാർ – ബിജെപി വാക്‌പോര്. നട വരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാതെ സർക്കാർ പണമെടുക്കുന്നതിനാലാണ് നടവരവ് കുറഞ്ഞതെന്ന് ബിജെപി നേതാവ് ജി രാമൻ നായർ പ്രതികരിച്ചു. നടവരവ് സർക്കാർ എടുക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മണ്ഡല-മകരവിളക്ക് കാലത്തിന്റെ ആദ്യ ദിനങ്ങളിൽ ശബരിമലയിലെ നടവരവിൽ കോടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ദേവസ്വം ബോർഡിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ പ്രയാസമുണ്ടാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ ആരോപണങ്ങള്‍ ബി.ജെ.പി നേതാവ് ജി. രാമന്‍നായര്‍ തള്ളി. ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും രാമൻ നായർ പറഞ്ഞു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പണം സർക്കാർ എടുക്കാറില്ലന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നടവരവ് കുറഞ്ഞത് ഭക്തരെ അകറ്റുന്ന ശബരിമലയിലെ നിരോധനാജ്ഞ മൂലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിൽ സ്ഥിതി സാധാരണ നിലയിലാകുന്നതിനാൽ ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്നുണ്ട്. ഇത് നടവരവിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here