പ്രളയകാലത്ത് നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് ഒരു ആശ്വാസവും ലഭിച്ചില്ല : എകെ ആന്റണി

പ്രളയ കാലത്ത് നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് ഒരു ആശ്വാസവും ഉണ്ടായിട്ടില്ലെന്ന് എകെ ആന്റണി. കർഷകർക്കും ഒന്നും ലഭ്യമായിട്ടില്ല. എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞു. ശബരിമലയുടെ പേരിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ മുഖ്യമന്ത്രിയും കേരളാ ഭരണകൂടവും ബിജെപിക്കും ആർഎസ്എസിനും അവസരം ഉണ്ടാക്കി കൊടുത്തു.
ഗവർമെന്റിന് പുതിയ വിധി നടപ്പിലാക്കാൻ സുപ്രീംകോടതിയിൽ സാവകാശം തേടാമായിരുന്നു. പ്രളയം മൂലം എല്ലാം നശിച്ചത് കൊണ്ട് വിശ്വാസികൾക്ക് സൗകര്യം ഒരുക്കാൻ പ്രയാസം ഉണ്ടെന്ന് കോടതിയെ അറിയിക്കാമായിരുന്നു. അത് സർക്കാർ ചെയ്തില്ല. വിശ്വാസി സംഘടനകളോട് ചർച്ച നടത്താനുള്ള പ്രാഥമിക മര്യാദ സർക്കാർ കാണിച്ചില്ല. മാർക്‌സിസ്റ്റ് പാർട്ടി പോർവിളിയാണ് നടത്തിയത്. സമുദായ സംഘർഷം ഉണ്ടാക്കാൻ കാത്തിരിക്കുന്ന ബിജെപിക്ക് സർക്കാർ അവസരം ഒരുക്കിയെന്നും എകെ ആന്റണി പറഞ്ഞു.
മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ ബിജെപിയെ വളർത്താനാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ടുള്ള
സിപിഎമ്മിന്റെ ശ്രമമാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ബിജെപിക്കാർക്ക് പോലും ഇല്ലാത്ത വാശിയോടെയാണ് മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നത്.
ബിജെപിയും മാർക്‌സിസ്റ്റ് പാർട്ടിയും മാത്രമേ കേരളത്തിൽ ഉള്ളൂ എന്ന അവസ്‌ഥ ഉണ്ടാക്കി സിപിഎമ്മിനെ
വളർത്തുകയാണ്. ഈ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് ശബരിമലയിലേത്. ഇവിടെ പോലീസ് രാജിന്റെ അവസ്‌ഥയുണ്ടാക്കി. ആർഎസ്എസ് വളരണം എന്ന് ആഗ്രഹിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ശബരിമലയെ ഇങ്ങനെ ആക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ആർഎസ്എസും ബിജെപിയും പറയുന്ന വിശ്വാസം കപടരാഷ്ട്രീയത്തിന്റേതാണ്. ഇത് മാച്ച് ഫിക്സിങ് ആണെന്നും എകെ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയും ബിജെപിയും ആർഎസ്എസും ചേർന്നുള്ള മാച്ച് ഫിക്സിങ് ആണ്. പ്രളയകാലത്തിന് ശേഷമുള്ള ദുരിതാശ്വാസത്തിലുള്ള സർക്കാരിന്റെ പരാജയം മറക്കുവെക്കാനാണ് ശബരിമലയെ ഉപയോഗിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളത്തിൽ മാത്രമായി ആയിരത്തിൽ പരം പെട്രോൾ പമ്പുകൾ പുതുതായി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു. നിലവിൽ കേരളത്തിൽ 2000 ൽ പരം പമ്പുകൾ ഉണ്ട്. ഇന്ത്യയിൽ
നിലവിൽ ഉള്ളതിനെക്കാൾ പമ്പുകൾ അനുവദിക്കാൻ ആണ് തീരുമാനം. ഇത് ദേശീയ ഹരിത ട്രൈബ്യൂണന്റെ വിധിക്ക് എതിരാണെന്നും എകെ ആന്റണി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ നിലപാടിനും വിരുദ്ധമാണ്.
ഈ തീരുമാനം പരിസ്ഥിതിക്ക് ദോഷകരമാണ്. ഈ തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം
ഇത്തരം ഒരു തീരുമാനം കേന്ദ്രം എടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാകുന്നില്ല.
കേന്ദ്ര സർക്കാർ നിലപാട് തിരുത്തണം. കേന്ദ്ര തീരുമാനം പ്രതിഷേധാർഹമാണ്. ഇതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആന്റണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here