‘പോരാടി തോറ്റു’; രഞ്ജിയില്‍ കേരളത്തിന് തിരിച്ചടി

തോല്‍വി ഒഴിവാക്കാന്‍ അവസാനം വരെ പോരാടിയെങ്കിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് മുന്നില്‍ കേരളം വീണു. ടെസ്റ്റിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റിനാണ് മധ്യപ്രദേശ് കേരളത്തെ കീഴടക്കിയത്.
സ്‌കോര്‍- കേരളം ആദ്യ ഇന്നിംഗ്‌സ് 63
മധ്യപ്രദേശ് ആദ്യ ഇന്നിംഗ്‌സ് 328
കേരളം രണ്ടാം ഇന്നിംഗ്‌സ് 455
മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്
ആദ്യ ഇന്നിംഗ്‌സില്‍ കേരളം കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി തിരിച്ചടിച്ചു. കേരളം ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുമെന്ന് ഒരു സമയത്ത് തോന്നിയെങ്കിലും വിഷ്ണു വിനോദും സച്ചിന്‍ ബേബിയും മികച്ച പ്രകടനം കാഴ്ച വച്ചതോടെ മത്സരം മുറുകി. രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്‍ ബേബിയുടേയും(143), വിഷ്ണു വിനോദിന്റേയും(193*) സെഞ്ചുറികളാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 199 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒമ്പതാം വിക്കറ്റില്‍ ബേസില്‍ തമ്പിക്കൊപ്പം(57) ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ട് വിഷ്ണു പടുത്തുയര്‍ത്തിയതും നിര്‍ണ്ണായകമായി.
190 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മധ്യപ്രദേശിന് രജത് പട്ടിദാറിന്റേയും(77) സുഭാം ശര്‍മ്മയുടേയും(48*) ബാറ്റിംഗാണ് തുണയായത്. അക്ഷയ് ചന്ദ്രന്‍ രണ്ട് വിക്കറ്റുകളും ജലജ് സക്‌സേനയും അക്ഷയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ നാല് മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ഗുജറാത്ത് എലീറ്റ് ഗ്രൂപ്പില്‍(A,B) ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുള്ള കേരളം രണ്ടാമതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here