കരിപ്പൂരിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് പ്രതീക്ഷ നൽകി എയർ ഇന്ത്യ

കരിപ്പൂരിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് പ്രതീക്ഷ നൽകി എയർ ഇന്ത്യ. 2019 ജനുവരി ആദ്യവാരത്തോടെ എയർ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂരിൽ നിന്നും സർവീസ് ആരംഭിക്കും. സൗദി എയർലൈൻസ് കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളം പ്രതാപകാലത്തേക്ക് മടങ്ങുകയാണ്. സൗദി എയർലൈൻസിന്റെ വലിയ വിമാനം കഴിഞ്ഞ ദിവസം പറന്നിറങ്ങിയതോടെ കരിപ്പൂരിന്റ പഴയകാല പ്രൗഢി വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് എയർപോർട്ട് അധികൃതർ.
കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സർവീസ് പുനഃരാരംഭിക്കുന്നതിന്നുള്ള സന്നദ്ധത എയർ ഇന്ത്യാ പ്രതിനിധികൾ അറിയിച്ചു. സർവീസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വിമാനത്തിന്റെ സാങ്കേതിക വിശദാംശങ്ങൾ എയർ ഇന്ത്യ, എയർപോർട്ട് അധികൃതർക്ക് കൈമാറി. നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ച്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് വ്യോമയാന ഡയറക്ടർക്ക് കൈമാറും. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിൽ ജനുവരി ആദ്യവാരത്തോടെ എയർ ഇന്ത്യ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും പറന്നുയരും. 2015ൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തലാക്കുന്നതിന് മുൻപുള്ള എയർ ഇന്ത്യയുടെ കോഴിക്കോട്- സൗദി സർവീസുകൾ വൻ ലാഭകരമായിരുന്നു. ഹജജ് എംബാർക്കേഷൻ പോയിന്റ് കൂടെ പുനരാംരംഭിക്കുന്നതോടെ കൂടുതൽ യാത്രക്കാരെ കൂടി ലക്ഷ്യമിട്ടാണ് എയർ ഇന്ത്യയുടെ നീക്കം. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികളും വൈകാതെ കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here