പ്രതിഷേധം ഫലം കണ്ടു; ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നു

ഇന്ധന വിലവർധനക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങൾക്കു മുന്നിൽ ഫ്രഞ്ച് സർക്കാർ മുട്ടുമടക്കി. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത വർഷത്തെ ബജറ്റിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി ആറു മാസത്തേക്ക് മരവിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നിട്ടും, പ്രതിഷേധക്കാർ പിന്മാറാൻ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള നീക്കവും സർക്കാർ പിൻവലിച്ചട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് വൻ പ്രതിഷേധങ്ങൾക്ക് നീക്കം നടക്കുന്നത് മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനം. പ്രതിപക്ഷവുമായി ചർച്ച നടത്താൻ തയ്യാറാണെന്നും പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് വ്യക്തമാക്കി.
ഇന്ധന വില വർധനക്കെതിരെ തുടങ്ങിയ പ്രതിഷേധം പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൃത്യമായ സംഘടനയോ നേതൃത്വമോ ഇല്ലാതെയായിരുന്നു പ്രതിഷേധം. ജീവിതച്ചിലവും ഇന്ധന നികുതിയും ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ദേശീയതലത്തിൽ തന്നെ പ്രക്ഷോഭം ഉയർന്നുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here