പന്തളത്ത് ഇന്ന് സിപിഎം ഹർത്താൽ

പന്തളത്ത് ഇന്ന് സിപിഎം ഹർത്താൽ. സി.പി.എം പന്തളം ലോക്കൽ കമ്മിറ്റിയംഗം കടയ്ക്കാട് പുന്തല താഴേതിൽ ജയപ്രസാദിനെ ശനിയാഴ്ച രാത്രി പന്തളം ജംഗ്ഷനിലുള്ള സി.പി.എം ഏരിയാ കമ്മിറ്റി ആഫീസിന് മുന്നിൽ വച്ച് ഒരു സംഘം വെട്ടിപ്പരിക്കെല്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
വെള്ളിയാഴ്ച രാത്രി എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു .കെ.രമേശിന് വെട്ടേറ്റതോടെയാണ് ഒരു ഇടവേളയ്ക്കു ശേഷം പന്തളത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ ഉടലെടുത്തത്. എസ്.ഡി.പി.ഐ യാ ണ് അക്രമത്തിനു പിന്നിലെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രകടനവും പ്രതിഷേധയോഗവും നഗരത്തിൽ നടത്തിയതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി കൂടിയായ ജയപ്രസാദിനെ ഓട്ടോയിലെത്തിയ അക്രമിസംഘം തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ജയപ്രസാദിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ഡി.വൈ.എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം പന്തളത്ത് ക്യാമ്പുചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here