Advertisement

റോഡ് അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട് ഹെല്‍മറ്റുമായി വിദ്യാര്‍ത്ഥികള്‍; കൈയടിച്ച് കേരളാ പോലീസ്

December 10, 2018
1 minute Read

സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇരുചക്ര വാഹനാപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട് ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. എറണാകുളം ജില്ലയിലെ വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആശയത്തിനു പിന്നില്‍. വിദ്യാര്‍ത്ഥികളുടെ ഈ കണ്ടുപിടുത്തത്തിന്റെ വീഡിയോ അടക്കമുള്ള വിശദവിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് കേരളാ പോലീസ്.

പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഹെല്‍മെറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചിരിക്കുന്നത്. എഞ്ചിനുകളും സ്പീഡോമീറ്ററുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ സെന്‍സറുകള്‍ ഘടിപ്പിക്കുക. ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് റോഡ് അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ ‘സ്മാര്‍ട്ട് ഹെല്‍മെറ്റ്’ എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ വാഹനത്തിന്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ക്കു വിധേയമായിട്ടായിരിക്കും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ.

അധ്യാപകരായ സോനു, ജിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ അമല്‍ വര്‍ഗീസ്, അജിത് പോള്‍, ആന്റണി.കെ.പ്രിന്‍സ്, അശ്വിന്‍.ജി.ടി., അരുണ്‍.കെ.ബാബു, എന്നീ വിദ്യാര്‍ത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാര്‍ക്കു കേരളപോലീസിന്റെ ആശംസകള്‍ നേരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top