സി.എന്‍ ബാലകൃഷ്ണന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്റെ മൃതദേഹം ജന്മനാടായ തൃശൂരില്‍ എത്തിച്ചു. വിവിധയിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. നാളെ രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് വിലാപ യാത്രയായാണ് മൃതദേഹം ജന്മനാടായ തൃശ്ശൂരില്‍ എത്തിച്ചത്. വഴിയരികുകളില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേര്‍ കാത്തുനിന്നു.
ചാലക്കുടി, ആമ്പല്ലൂര്‍, അവിനിശ്ശേരി തുടങ്ങി നിരവധിയിടങ്ങളിലായി പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ സ്ത്രീകളടക്കം അന്ത്യോപചാരമര്‍പ്പിക്കാന്‍ വലിയ നിരതന്നെ കാത്തു നിന്നു. ഡി.സി.സി ഓഫീസിലും ടൗണ്‍ ഹാളിലുമായി നിരവധി നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പായിരുന്നു സി.എന്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കൂടി പിടിപെട്ടതോടെ ഇന്നലെ രാത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും പതിനൊന്നേകാലോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ സി.എന്‍ ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതൃസ്ഥാനം വഹിച്ചു. കെ. കരുണാകരന്റ വിശ്വസ്തനും, അടുത്ത അനുയായിയുമായിരുന്നു സി.എന്‍. ബാലകൃഷ്ണന്‍. ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായിരുന്നു.
2011 ലെ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ച സി.എന്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. സി.എന്‍ ബാലകൃഷ്ണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here