പൊളിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടക്കാതെ കോട്ടയം കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റ്

നവീകരണത്തിനായി പൊളിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടക്കാതെ കോട്ടയം കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുപ്പത്തിയൊന്ന് കോടി മുതല്‍മുടക്കില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് അവഗണിക്കപ്പെട്ട് കിടക്കുന്നത്. ഭരണമാറ്റമുണ്ടായപ്പോള്‍ മനപ്പൂര്‍വ്വം നിര്‍മ്മാണം വൈകിച്ചതായാണ് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം.
ആധുനിക സൗകര്യങ്ങളും, ഷോപ്പിംഗ് കോംപ്ലക്‌സും ഉള്‍പ്പെടെ മുപ്പത് കോടിയുടെ പദ്ധതിയാണ് കോട്ടയത്തിനായി വിഭാവനം ചെയ്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കെ നവീകരണത്തിനായി കെട്ടിടങ്ങള്‍ പൊളിച്ചെങ്കിലും ഭരണമാറ്റം ഉണ്ടായതോടെ നിര്‍മാണം ഇഴഞ്ഞു നീങ്ങി. നാല് വര്‍ഷത്തിനിപ്പുറവും യാതൊരു വികസനവും ഇവിടെയെത്തിയില്ല. എം.സി റോഡിലുള്ള ഏക ജില്ലാ ആസ്ഥാനമായ കോട്ടയം നഗരത്തില്‍ അസൗകര്യങ്ങളുടെ താവളമാകുകയാണ് കെ.എസ്.ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. പദ്ധതിയോടുള്ള മനപ്പൂര്‍വ്വമായ അവഗണനയാണ് നിര്‍മാണം നീളാന്‍ കാരണമെന്ന് സ്ഥലം എം.എല്‍.എകൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു
മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ തിരക്കുമായപ്പോള്‍ തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ വീര്‍പ്പുമുട്ടുകയാണിവിടം. സ്ഥലപരിമിതി മൂലം റോഡിലും പരിസര പ്രദേശങ്ങളിലും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. കോട്ടയത്തെ ടെര്‍മിനല്‍ ഉള്‍പ്പെടെ നിര്‍മാണം വൈകി കിടക്കുന്ന കെ.എസ്ആര്‍ടിസിയുടെ പദ്ധതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here