അതേ പാതയില്‍ ലോകസഞ്ചാരത്തിനൊരുങ്ങി വീണ്ടും ടൈറ്റാനിക്; വീഡിയോ കാണാം

ടൈറ്റാനിക്കിനെ ഓര്‍മ്മയില്ലേ…ഒരിക്കലും മുങ്ങാത്ത കപ്പല്‍, അതായിരുന്നല്ലോ ടൈറ്റാനിക്കിന്റെ വിശേഷണം. എന്നാല്‍ ആദ്യയാത്രയില്‍ തന്നെ തകര്‍ന്നുപോയ ടൈറ്റാനിക്ക് ചരിത്രത്തിന്റെ വെറുമൊരു ശേഷിപ്പ് മാത്രമായി. എന്നാല്‍ പുനര്‍ജനിക്കാന്‍ ഒരുങ്ങുകയാണ് ആ പഴയ ടൈറ്റാനിക്. ഓസ്‌ട്രേലിയന്‍ കമ്പനിയായ ബ്ലൂ സ്റ്റാറിനൊപ്പമാണ് ടൈറ്റാനിക്കിന്റെ രണ്ടാം വരവ്. ടൈറ്റാനിക് II എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പല്‍ 2022 ല്‍ യാഥാര്‍ത്ഥ്യമാകും.
ടൈറ്റാനിക്കിന്റെ ആദ്യ യാത്രയുടെ അതേ പാതയിലായിരിക്കും ടൈറ്റാനിക് II വിന്റെയും സഞ്ചാരം. അതായത് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്ന് ആരംഭിച്ച് ന്യൂയോര്‍ക്ക് വരെ നീളുന്ന യാത്ര. ടൈറ്റാനിക് IIവിന്റെ ദൃശ്യങ്ങളും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നുണ്ട്.
ആദ്യയാത്രയില്‍ അത്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുകട്ടയില്‍ഇടിച്ച് തകര്‍ന്ന ടൈറ്റാനിക്കിന്റെ അതേ രൂപഭംഗിയിലാണ് ടൈറ്റാനിക് II ഒരുങ്ങുന്നത്. ഒമ്പതു നിലകളിലായി 835 കാബിനുകളാണ് കപ്പലില്‍ സജ്ജീകരിക്കുക. ടൈറ്റാനിക് IIവില്‍ 2435 യാത്രക്കാരെയും 900 കപ്പല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്. ജിംനേഷ്യം, സ്വിമ്മിങ് പൂള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും കപ്പലിലുണ്ടാകും. 40,000 ടണ്ണോളമാണ് ടൈറ്റാനിക് രണ്ടാമന്റെ ആകെ ഭാരം.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിക്കൊണ്ടായിരിക്കും കപ്പല്‍ യാത്ര തിരിക്കുക. 18 മോട്ടോര്‍ ലൈഫ് ബോട്ടുകള്‍, നൂതന നാവിഗേഷന്‍, റഡാര്‍ സിസ്റ്റം എന്നിവയും കപ്പലിലുണ്ടാകും. 2012 ലാണ് ക്ലീവ് പാല്‍മറിന്റെ നേതൃത്വത്തിലുള്ള ബ്ലൂസ്റ്റാര്‍ കമ്പനി ടൈറ്റാനിക് II യാഥാര്‍ത്ഥ്യമാക്കുമെന്നു ആദ്യം പ്രഖ്യാപനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here