‘രാജ്യത്ത് ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം എത്ര?’; ലോക്‌സഭയില്‍ കൈമലര്‍ത്തി കേന്ദ്രമന്ത്രി

രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരം സര്‍ക്കാരിന്റെ കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. 2016 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് ലോക്‌സഭയിലാണ് മന്ത്രി വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ദിനേഷ് ത്രിവേദിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും
‘ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇത് സംബന്ധിച്ചുള്ള കണക്കുകകള്‍ തയ്യാറാക്കുന്നത്. വെബ്‌സൈറ്റില്‍ 2015 വരെയുള്ള കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണുള്ളത്. 2016 മുതലുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല.’ മന്ത്രി പറഞ്ഞു.
അതേസമയം, ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള ആശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചാണ് ഇത് പറയുന്നതെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വിശദീകരിച്ചു.
അപകടമരണങ്ങളും ആത്മഹത്യകളും എന്ന പേരിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. 2015 ല്‍ 8000 കര്‍ഷകരാണ് രാജ്യത്ത് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്- 3030 പേര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here