‘സീറ്റുകളെല്ലാം പറഞ്ഞുറപ്പിച്ചു’; ബിഹാറില്‍ ബിജെപി – ജെഡിയു ധാരണയായി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ സീറ്റ് ധാരണയായി. ബിജെപിയും ജെഡിയുവും ബിഹാറിലെ 17 വീതം ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കും. രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കി. അമിത് ഷായും നിതീഷ് കുമാറും പസ്വാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സീറ്റുകള്‍ ധാരണയായത്. പസ്വാന് രാജ്യസഭാ സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. ആകെ 40 ലോക്‌സഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരാഴ്ചയായി നീണ്ടു നിന്ന ചർച്ചകള്‍ക്ക് ഒടുവിവാണ് ബീഹാറിലെ സീറ്റ് വിഭജനം പൂർത്തിയായത്.
സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എല്‍ജെപി, എന്‍ഡിഎ സഖ്യം വിടുമെന്ന് സൂചന നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് സീറ്റ് വിഭജന ചർച്ചകള്‍ വേഗം പൂർത്തികരിക്കാന്‍ ബിജെപി തീരുമാനിച്ചത്. സഖ്യത്തില്‍ പ്രശ്നങ്ങളില്ലെന്നും 2019 ലോക് സഭാ തിരെഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും സീറ്റ് വിഭജനത്തിനു ശേഷം നിതീഷ് കുമാറും രാംവിലാസ് പസ്വാനും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here