മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തടയുന്നു; തിരികെ പോകില്ലെന്ന് യുവതികള്‍

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ ആറംഗ മനിതി സംഘത്തെ പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞു. നീലിമല കയറുന്നതിന് മുമ്പാണ് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്. അഞ്ച് മണിയോടെയാണ് ഇവരെ സംഘം തടഞ്ഞത്. ഇവിടെ പ്രതിഷേധക്കാര്‍ സംഘടിക്കുകയാണ്. ദർശനം നടത്താതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മനിതി സംഘം സംഘവും റോഡിൽ കുത്തിയിരിക്കുകയാണ്. അത്യന്തം നാടകീയമായ യാത്രയ്ക്കൊടുവിലാണ് വനിതാസംഘം പമ്പയിലെത്തിയത്. പുലർച്ചെ 3 മണിയോടെ സംഘം എരുമേലിയിലെത്തി. മധുര മുതൽ തന്നെ മനിതി സംഘത്തെ പിൻതുടർന്ന ട്വന്റിഫോർ അടക്കമുള്ള മാധ്യമസംഘങ്ങളെ എരുമേലിയിൽ വച്ച് പൊലീസ് തടഞ്ഞു. തങ്ങൾ ആക്ടിവിസ്റ്റുകളല്ലാ ഭക്തരാണെന്ന് ശെൽവിയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആചാരലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്നും ശ്രീകോവിലിന്റെ താക്കോൽ തിരികെ ഏൽപ്പിക്കണമെന്നും പന്തളം രാജപ്രതിനിധി തന്ത്രിയെ ഫോണിലൂടെ അറിയിച്ചു.
യുവതികൾ മലകയറിയാൽ ദർശനത്തിന് സൗകര്യം ഒരുക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. പമ്പ ഗണപതി കോവിലിലെത്തിയ മനിതി സംഘം പമ്പാ സ്നാനത്തിന് ശേഷം ഇരുമുടികെട്ട് നിറയ്ക്കാൻ എത്തിയെങ്കിലും കെട്ട് നിറച്ചു നൽകാൻ പരികർമ്മികൾ വിസമ്മതിച്ചു. തുടർന്ന് മനിതി സംഘം സ്വയം കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് യാത്ര തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here