ഛത്തീസ്ഗഢിലെ ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ച് നല്കുന്നു

ഛത്തീസ്ഗഢിലെ ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ച് നല്കുന്നു. 2008ല്‍ ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത 1764 ഹെക്ടര്‍ ഭൂമിയാണ് പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നത്. തീരുമാനം നടപ്പിലാക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി അടുത്ത മന്ത്രിസഭ യോഗത്തില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഏറ്റെടുത്ത് ഉപയോഗ ശ്യൂന്യമായി കിടക്കുന്ന കാര്‍ഷിക ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുമെന്നത് കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം തന്നെ ട്രൈബല്‍ ഭൂരിപക്ഷ മേഖലയായ ബസ്തറില്‍ രമണ്‍ സിംഗ് സര്‍ക്കാര്‍ ഏറ്റെടുത്ത കാര്‍ഷിക ഭൂമി തിരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ടാറ്റ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി 2008ല്‍ 1764.61 ഹെക്ടര്‍ ഭൂമിയാണ് ബസ്തറിലെ പത്ത് ഗ്രാമങ്ങളിലുള്ള 1707 കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്ത വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ വ്യവസായ സംരംഭം ടാറ്റക്ക് തുടങ്ങാനായില്ല. 2016ല്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിന് ശേഷം ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും സന്നദ്ധ സംഘടനകളും രംഗത്ത് വന്നിരുന്നെങ്കിലും രമണ്‍ സിംഗ് സര്‍ക്കാര്‍ തയ്യാറായില്ല. മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂമി തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂമി തിരികെ നല്‍കാനുള്ള തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ഓഫീസ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള രൂപ രേഖ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടെ നിര്‍ദേശിച്ചതായും അടുത്ത മന്ത്രിസഭ യോഗത്തില്‍ ഇത് പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here