എൽഡിഎഫ് വലുതായി; ഇടതുമുന്നണിയിലേക്ക് നാല് പാർട്ടികൾ കൂടി

ഇടതുമുന്നണിയിലേക്ക് നാല് പാർട്ടികൾ കൂടി വരുന്നു. ഐഎൻഎൽ, കേരള കോൺഗ്രസ് (ബി) ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്, ലോക് താന്ത്രിക് ജനതാദൾ എന്നി ഘടകകക്ഷികൾ ഇടതുപക്ഷ മുന്നണിയിലേക്ക്. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കാൽ നൂറ്റാണ്ടായ ഐഎൻഎല്ലിന്റെ കാത്തിരിപ്പിന് വിരാമം. എൽ ഡി എഫിൽ ഐഎൻഎൽ ഘടകകക്ഷി. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം മുസ്ലിം ലീഗ് നിലപാടിനോട് കലഹിച്ച് ഇബ്രാഹിം സുലൈമാൻ സേട്ട് സ്ഥാപിച്ച പാർട്ടിയാണ് ഐ എൻ എൽ. ഘടകകക്ഷിയാക്കാമെന്ന ഉറപ്പ് പലവട്ടം ഐഎൻഎല്ലിന് എൽഡിഎഫ് നേതൃത്വം നൽകിയിരുന്നു. പ്രതീക്ഷ അസ്തമിച്ച നേതാക്കൾ പലരും പാർട്ടി വിട്ടു .ഒടുവിൽ 25 വർഷത്തിനിപ്പുറം ഐഎൻഎൽ ഇടതു മുന്നണി ഘടകകക്ഷിയായി എ കെ ജി സെൻററിലേക്ക് . 34 വർഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ചാണ് ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി 2015ൽ എൽ ഡി എഫ് പക്ഷത്തേക്കു ചാഞ്ഞത്. പക്ഷേ മുന്നണി പ്രവേശനം സാധ്യമായത് ഇപ്പോൾ മാത്രം. യു ഡി എഫ് വിട്ട് അടുത്തിടെ വന്ന എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് ഏറെ കാത്തിരിപ്പില്ലാതെ മുന്നണി പ്രവേശനം സാധ്യമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോൺഗ്രസ് വിട്ടു വന്ന് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസിസ് ജോർജ്, ആൻറണി രാജു എന്നിവർക്കും മുന്നണി പ്രവേശനം സാധ്യമായി. ഇടതു മുന്നണി കൺവീനർ എ വിജയരാഘവനാണ് മുന്നണി വിപുലീകരണം പ്രഖ്യാപിച്ചത്.
സി കെ ജാനുവിന്റെ പാർട്ടി ജനാധിപത്യ രാഷ്ട്രീയ സഭ, കോവൂർ കുഞ്ഞുമോന്റെ RടP ലെനിനിസ്റ്റ് എന്നിവരെ ഘടകകക്ഷിയാക്കില്ല. ഇവരുമായി എൽഡിഎഫ് സഹകരിക്കും. അതേസമയം, സിഎംപി അരവിന്ദാക്ഷൻ വിഭാഗം സി പി എമ്മിൽ ലയിക്കും. ലയനം വനിതാ മതിലിനു ശേഷം. പി ടി എ റഹിമിന്റെ പാർട്ടി ഐ എൻ എല്ലിൽ ലയിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here