പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് മനപ്പൂർവം തോൽപ്പിച്ച മൂന്നു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്

പാമ്പാടി നെഹ്റു കോളജിൽ മാനേജ്മെന്റ് മനപ്പൂർവം തോൽപ്പിച്ച മൂന്നു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തണമോ എന്ന കാര്യത്തിൽ ആരോഗ്യ സർവകലാശാല തീരുമാനം ഇന്നുണ്ടായേക്കും. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സമരത്തിനു നേതൃത്വം നൽകിയവരെ മനഃപൂർവം തോല്പിച്ചതായി തെളിവു സഹിതം ട്വൻറി ഫോർ പുറത്തു കൊണ്ടുവന്നിരുന്നു. ഇതേക്കുറിച്ചന്വേഷിച്ച സെനറ്റ് സമിതി ട്വൻറി ഫോർ വാർത്ത ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് നൽകിയത്.
സഹപാഠിയുടെ മരണത്തിൽ മാനേജ്മെന്റിനെ പ്രതിക്കൂട്ടിലാക്കിയവരെ മനപ്പൂർവം തോൽപ്പിച്ചെന്ന വാർത്ത ട്വന്റി ഫോറാണ് പുറത്തു കൊണ്ടു വന്നത്. 2017 ജനുവരിയിൽ തൃശ്ശൂർ പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടതിനു പിന്നിൽ മാനേജ്മെന്റന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. വിദ്യാർഥി സമരത്തെത്തുടർന്ന്
കോളേജ് ചെയർമാൻ ഡോ.പി.കൃഷ്ണദാസിനെ അറസ്റ്റു ചെയ്തു.
സമരത്തിന് നേതൃത്വം നൽകിയവരെ പ്രാക്ടിക്കൽ പരീക്ഷയിൽ മാനേജ്മെന്റ് മാർക്ക് തിരുത്തി തോല്പിച്ചതായി ട്വന്റി ഫോർ തെളിവുകൾ നിരത്തി വാർത്ത പുറത്തു കൊണ്ടുവന്നു. ആരോഗ്യ സർവകലാശാല സെനറ്റ് നിയോഗിച്ച ആർ രാജേഷ് എംഎൽഎ കമ്മിഷനും വിദ്യാർഥികളെ മനപ്പൂർവം തോൽപ്പിച്ചെന്ന് കണ്ടെത്തി. തോല്പിക്കുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകളും വിദ്യാർഥികൾ കമ്മിഷന് കൈമാറി.കമ്മിഷൻ ശുപാർശ പരിഗണിച്ച് പരാതിക്കാരായ വിദ്യാർഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തിയേക്കും. ഈ വിദ്യാർഥികൾക്ക് ക്ലാസ് കയറ്റം നല്കണമെന്ന് സർവകലാശാല മുമ്പ് നിർദേശിച്ചിരുന്നെങ്കിലും കോളേജ് അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.റിപ്പോർട്ട് സർവകലാശാലയിലെ വിദ്യാർഥി പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള ബോർഡ് ഓഫ് അഡ്ജുഡിക്കേഷനാണ് പരിഗണിക്കുക. .വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക ഈ മാസം 31 ന് തിരുവനന്തപുരത്ത് ചേരുന്ന സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗമായിരിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here