ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഇനി ഓഫറുകള്‍ കുറയും; പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ മുഖ്യ ആകര്‍ഷണമായ ഓഫറുകള്‍ക്കും കടിഞ്ഞാണ്‍ വീഴും. ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കള്‍ ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വില്പന നടത്തരുതെന്നതാണ് പ്രഥാന വ്യവസ്ഥ. 2019 ഫെബ്രുവരി ഒന്നു മുതലായിരിക്കും പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക.
ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ നടക്കുന്ന എക്‌സ്‌ക്ലൂസിവ് ഇടപാടുകള്‍ക്കും പുതിയ നിയമത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഈ താരുമാനം. സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുമായി സഹകരിച്ച് മുന്നോട്ടുവയ്ക്കാറുള്ള എക്‌സ്‌ക്ലൂസിവ് ഇടപാടുകള്‍ ഇതനുസരിച്ച് നിര്‍ത്തലാക്കേണ്ടിവരും. ഇതുമൂലം പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവില്ല.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഓഫര്‍ വില്പനയ്‌ക്കെതിരെ ചില്ലറ വ്യാപാര മേഖലയില്‍ നിന്നും നേരത്തെ മുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഓഫര്‍ വില്പനകള്‍ രാജ്യത്തെ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സ്‌ക്ലൂസിവ് വില്പനയ്‌ക്കെതിരെ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here