സംസ്ഥാനത്ത് ബിജെപി-സിപിഐഎം സംഘർഷം തുടരുന്നു; വടകര,പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ 5 ദിവസത്തേക്ക് നിരോധനാജ്ഞ

സംസ്ഥാനത്ത് ബിജെപി-സിപിഐഎം സംഘർഷം തുടരുന്നു. കണ്ണൂർ പുതിയതെരുവിലും ചിറക്കലും ബിജെപി ഓഫീസിന് തീയിട്ടു. പേരാന്പ്രയിലും വടകരയിലും വീടുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായി. പ്രദേശത്ത് 5 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.. അതിനിടെ മിഠായിത്തെരുവിൽ നടന്ന അക്രമത്തിൽ പോലീസ് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് കോഴിക്കോട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു മുഴുവൻ അക്രമകാരികളെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മിഠായിത്തെരുവിൽ ഇന്നലെ നടന്ന സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയുള്ള പരാമർശം റിപ്പോർട്ടില്ലിലായെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സാധാരണ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്.അതേസമയം കടലിലേക്ക് കല്ലെറിയുന്ന പ്രതികളെ വ്യാപാരികൾ പിടികൂടി പോലീസിന് കൈമാറിയിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മിട്ടായി തെരുവിലെ പോലീസ് നടപടിയിൽ ചെറിയതോതിൽ വീഴ്ച സംഭവിച്ചുവെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇന്നലെ നടത്തിയ പ്രതികരണം. ജില്ലയിൽ അക്രമം നടത്തിയ 80 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. പേരാമ്പ്ര, കൊയിലാണ്ടി,വടകര എന്നീ മേഖലകളിലും ഇന്നലെ രാത്രി വ്യാപക സംഘർഷമുണ്ടായി. മലബാർ ദേവസ്വം ബോർഡ് അംഗം കെ ശശി കുമാറിന്റെ പേരാമ്പ്രയിൽ ഉള്ള വീടിനുനേരെ ബോംബേറുണ്ടായി. വടകര,പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ പുതിയ തെരുവിലും, ചിറക്കലും ബിജെപി ഓഫീസിന് തീയിട്ടു.സിപിഎമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തൃശൂർ വാടാനപ്പള്ളിയിൽ ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ അക്രമത്തിൽ 3 എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് പിടികൂടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here