ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിൽ സ്ഥാപിക്കുന്നതിന് അംഗീകാരം

ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നൽകി. മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം നൽകി.
അംഗീകാരം ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുകയും മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടുകയും വേണം. മുൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മലയാളത്തെ ശ്രേഷ്ഠ ഭാഷയായി 2013 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചത്. എന്നാൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ തുടർ നടപടികൾ ഒന്നും എടുത്തില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നശേഷം കേന്ദ്ര സർക്കാരുമായി വീണ്ടും ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കർക്ക് കത്തയക്കുകയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ഡയറക്ടർ 2018 ആഗസ്റ്റിൽ മലയാളം സർവകലാശാല സന്ദർശിക്കുകയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
മലയാള ഭാഷയുടെ വികസനത്തിനുളള പദ്ധതികൾ നടപ്പാക്കാൻ ശ്രേഷ്ഠഭാഷാ കേന്ദ്രം സഹായിക്കും. മലയാളം സർവകലാശാലക്കും ഇതു പ്രയോജനകരമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here