ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിടും

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിടും. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി ഒമ്പതരക്കാണ് മത്സരം. ഒരിടവേളക്ക് ശേഷം എത്തുന്ന ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണ ഏഷ്യൻ കപ്പിനിറങ്ങുന്നത്അബുദാബിയിൽ നീലപ്പട ബൂട്ടും കെട്ടിയിറങ്ങുന്പോൾ ഗ്യാലറിയിൽ ആരവമുയർത്താൻ ഇന്ത്യാക്കാർ നിറഞ്ഞെത്തുമുറപ്പാണ്. ഒരു ഹോം മത്സരത്തിന്റെ ആവേശത്തോടെ സുനിൽ ഛേത്രിക്കും സംഘത്തിനും തായ്‌ലൻഡിനെതിരെ പന്ത് തട്ടാം.
ഇന്ത്യൻ ഫുട്ബോളിൽ ഇത് പുതുയുഗമാണ്. ചൈനയെയും ഒമാനെയും പിടിച്ച് കെട്ടാൻ കെൽപ്പുള്ള സംഘം ഏഷ്യൻ കപ്പിൽ അത്ഭുതം കാട്ടുമെന്ന കാര്യത്തിൽ ഉറപ്പാണ്. റാങ്കിങിൽ നൂറ്റിപതിനെട്ടാം സ്ഥാനത്തുള്ള തായ്‌ലൻഡ് ഇന്ത്യക്ക് താരതമ്യേന ദുർബലരായ എതിരാളികളാണ്. പക്ഷേ ജാപ്പനീസ് ലീഗിൽ കളിക്കുന്നതിന്റെ അനുഭവ സമ്പത്ത് അവർ പുറത്തെടുത്തേക്കും. സുനിൽ ഛേത്രി എന്ന നായകന്റെ ഗോളടി മികവ് തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകളിൽ ഏറ്റവും മുന്നിൽ. മുന്നേറ്റത്തിൽ ഛേത്രിയുടെ കൂട്ടുകാരൻ ജെജെ ഫോമിലല്ലാത്തത് തലവേദനയാണ്.
മധ്യനിരയിൽ മലയാളി ആഷിഖ് കുരുണിയനും പിൻ നിരയില്‍ അനസ് എടത്തൊടികയുമുണ്ട്. ജിംഗാനൊപ്പം മികച്ച കൂട്ടുകെട്ടാണ് അനസിനുള്ളത്. ഗോൾ പോസ്റ്റിൽ ഗുർപ്രീത് കൂടി എത്തുന്പോൾ ഇന്ത്യൻ സംഘം ഏഷ്യയിൽ ആരെയും വെല്ലുവിളിക്കാൻ പ്രാപ്തിയുള്ളവരായി. യുഎഇ -ബഹ്റൈൻ മത്സരം സമനിലയായതിനാൽ ഇന്ന് ജയിച്ചാൽ ഗ്രൂപ്പിൽ ഇന്ത്യക്ക് മേൽക്കൈ നേടാം. പത്തിന് യുഎഇക്കെതിരെയും പതിനാലിന് ബഹ്റൈനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here