പുതിയ സെക്രട്ടറിക്കായുള്ള കോഴിക്കോട് കോർപ്പറേഷന്റെ കാത്തിരിപ്പിന് ഏഴ് മാസം

ഏഴ് മാസത്തോളമായി പുതിയ സെക്രട്ടറിക്കായുള്ള കാത്തിരിപ്പിലാണ് കോഴിക്കോട് കോർപ്പറേഷൻ. സെക്രട്ടറി ഇല്ലാത്തതിനാൽ കോർപറേഷനിലെ പദ്ധതി നിർവ്വഹണവും ഫണ്ട് വിനിയോഗവും പ്രതിസന്ധി യിലായിരിക്കുകയാണ്. മേയറടക്കം പലതവണ ആവശ്യപ്പെട്ടങ്കിലും സെക്രട്ടറി നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്
കഴിഞ്ഞ ജൂണ് മാസത്തിലാണ് നിലവിലുണ്ടായിരുന്ന കോഴിക്കോട് കോർപ്പറേഷൻനിലെ സെക്രട്ടറിക്ക് സ്ഥലം മാറ്റം കിട്ടിയത്. തുടർന്നുണ്ടായ ഒഴിവിലേക്ക് സെക്രട്ടറിയെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും 7 മാസം പിന്നിട്ടിട്ടും നടപടികളൊന്നുമായില്ല. നിലവിലെ അഡീഷണൽ സെക്രട്ടറിയാണ് അധികഭാരം ചുമക്കുന്നത്. സെക്രട്ടറി ഇല്ലാത്തതിനാൽ ഫണ്ടുകൾ അനുവധിക്കുന്നതിലും പദ്ധതികളുടെ നിർവഹണത്തിലും വലിയ കാലതാമസമാണ് നേരിടുന്നത്. ഉന്നത തസ്തികകൾ ഉൾപ്പടെ സെക്രട്ടറിക്ക് പുറമെ ഇതര ജീവനക്കാരുടെ ഒഴിവുകൾ വേറെയും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതും വലിയ തോതിൽ കോർപറേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
സെക്രട്ടറിയുടെ ചുമതല വഹിക്കാൻ ആളില്ലാത്ത കാരണത്താൽ ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പൊതുജനങ്ങളുടെ അത്യാവശ്യങ്ങൾക്ക് പോലും കാലമേറെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിക്കുള്ളിലുള്ളവർ. പുതിയ സെക്രട്ടറിയുടെ നിയമനം വൈകുംതോറും കോർപറേഷനും ഫണ്ടുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here