തിരുവാഭരണഘോഷയാത്ര ഇന്ന്

മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി തിരുവാഭരണഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ടുന്ന ഘോഷയാത്ര 14 ന് വൈകിട്ടാണ് സന്നിധാനത്ത് എത്തുക.
അതേസമയം ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് നാമജപപ്രതിഷേധത്തിൽ പങ്കെടുത്തവർ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന സർക്കുലർ നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റും. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനം നടത്താന്‍ അവസരമുണ്ടാകും. 10 മണിയോടെ പന്തളം വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി രാമരാജയും രാജപ്രതിനിധി മൂലം നാള്‍ രാഘവവര്‍മ്മയും തിരുവാഭരണം മാളികയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തിക്കും. 12:30 ന് ഉച്ചപൂജക്ക് ശേഷം ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിക്കാണ് ആഭരണപ്പെട്ടികള്‍ ശിരസിലേറ്റി ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയും സംഘവും ശബരിമലയിലേക്ക് നീങ്ങുക.
പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മരാജയുടെ പ്രതിനിധിയായി പി.രാജരാജവര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ നിരവധി തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം കാനനപാതയിലൂടെ യാത്രചെയ്യുന്ന സംഘം വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പ വഴി സന്നിധാനത്തേക്ക് നീങ്ങും. വൈകീട്ട് ആറുമണിയോടെ സന്നിധാനത്തെത്തി ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുവാഭരണം ഘോഷയാത്രയ്ക്ക് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here