റോസമ്മ പുന്നൂസ് മുതല്‍ കാരാട്ട് റസാഖ് വരെ: അയോഗ്യതകളുടെ നാള്‍വഴികളിലൂടെ

തെരഞ്ഞെടുപ്പ് വിധികളില്‍ കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ കേരള ചരിത്രത്തില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ചിലര്‍ക്ക് നേട്ടവും മറ്റു ചിലര്‍ക്ക് കനത്ത നഷ്ടവും വരുത്തുന്ന ഇത്തരം വിധികള്‍ രാഷ്ട്രീയകേന്ദ്രങ്ങളിലും ഏറെ അലയടികളും അസ്വാരസ്യങ്ങളുമുണ്ടാക്കുന്നതും കേരളം പല തവണ കണ്ടിട്ടുണ്ട്. അത് സംസ്ഥാന രൂപീകരണം മുതല്‍ തുടങ്ങുന്നു. ആദ്യ നിയമസഭയില്‍ ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസിനെ കോട്ടയം ട്രിബ്യൂണല്‍ അയോഗ്യയാക്കിയതാണ് കൂട്ടത്തിലാദ്യത്തേത്. സമാനരീതിയില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ കുറച്ചധികം ഉണ്ട്.
അയോഗ്യതകളുടെ നാള്‍വഴികള്‍
കെ.എം.ഷാജിയാണ് ഇതിനു മുമ്പ് അയോഗ്യനാക്കപ്പെട്ട എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ 2018 നവംബര്‍ 8 നാണ് ഹൈക്കോടതി അഴീക്കോട് എം.എല്‍.എ. സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത്.എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറായിരുന്നു പരാതിക്കാരന്‍. കെ.എം.ഷാജിയുടെ നിയമസഭാ അംഗത്വം റദ്ദുചെയ്തതിനെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിലപാടെടുത്തത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും സുപ്രീം കോടതിയുടെ അനുകൂല ഉത്തരവുമായാണ് കെ.എം.ഷാജി നിയമസഭയിലേക്കെത്തിയത്.
ഷാജിയുടേതിന് സമാനമായ കേസായിരുന്നു മൂവാറ്റുപുഴ എം.പി ആയിരുന്ന പി.സി.തോമസിന്റേത്. മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയതിന് പതിനാലാം ലോക്‌സഭയിലേയ്ക്ക് നടന്ന ഇദ്ദേഹത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം.ഇസ്മായില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 സെപ്റ്റംബര്‍ നാലിന് പി.സി.തോമസ് സുപ്രീം കോടതിയില്‍ വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കി. എന്നാല്‍ ഈ അപ്പീല്‍ സുപ്രീം കോടതി തള്ളുകയാണുണ്ടായത്. അതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് വര്‍ഷത്തേയ്ക്ക് മത്സരിക്കാനാവില്ല എന്ന് വിധിക്കുകയും ചെയ്തു. 2010 ജൂണ്‍ 15-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെനിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചു.
1970 ല്‍ കെ.എം മാണിയും സി.എച്ച് മുഹമ്മദ് കോയയും ഇതേ അവസ്ഥ നേരിട്ടവരാണ്.ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ നേടാന്‍ തെറ്റായ വഴി സ്വീകരിച്ചുവെന്നതായിരുന്നു ഇവര്‍ക്ക് എതിരെയുള്ള ആരോപണം. രണ്ട് പേര്‍ക്കും അന്ന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടു. എടക്കാട് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നു എന്ന കെ. സുധാകരന്റെ പരാതിയിന്മേല്‍ ഒ.ഭരതന്‍ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത് 1982ലാണ്. എന്നാല്‍ ഒ.ഭരതന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുമായി എത്തി വീണ്ടും എം.എല്‍.എയായി.
പിറവം തെരഞ്ഞെടുപ്പ് കേസില്‍ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയത് വ്യത്യസ്തമായ കാരണത്താലായിരുന്നു. ടി.എം ജേക്കബിന്റെ ഹര്‍ജിയിലായിരുന്നു വിധി. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പിറവം നിയോജക മണ്ഡലത്തിലെ ഡി.ഐ.സി(കെ) സ്ഥാനാര്‍ത്ഥിയായിരുന്ന ടി.എം.ജേക്കബ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതുമുന്നണിയിലെ എം.ജെ.ജേക്കബിനെതിരെ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ ടി.എം ജേക്കബ് 5,150ല്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതിനെയാണ് ടി.എം ജേക്കബ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഇടതുമുന്നണി മണ്ഡലത്തിലുടനീളം അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖകളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് തന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന് ടി.എം ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2007 ഫെബ്രുവരിയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. ഇതിനിടയില്‍ എം.ജെ ജേക്കബ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസില്‍ തീര്‍പ്പ് കല്പിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് വിജയന്‍, മനു, ജിന്‍സണ്‍ എന്നിവര്‍ കുറ്റക്കാരാണെന്നും ഹൈ്ക്കോടതി കണ്ടെത്തി. ഇവര്‍ മൂന്നുപേരും ടി.എം ജേക്കബിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തി എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇത് ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123/4 വകുപ്പിന്റെ ലംഘനമാണ്. അതിനാല്‍ എം.ജെ ജേക്കബിന്റെ നിയമസഭാംഗത്വം അസാധുവാണെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here