സംസ്ഥാന അധികാര പരിധിയുള്ള പ്രഥമ വഖഫ് ട്രൈബ്യൂണൽ കോഴിക്കോട്ട് നാളെ പ്രവർത്തനമാരംഭിക്കും

സംസ്ഥാന അധികാര പരിധിയുള്ള പ്രഥമ വഖഫ് ട്രൈബ്യൂണൽ കോഴിക്കോട്ട് നാളെ പ്രവർത്തനമാരംഭിക്കും. എരഞ്ഞിപ്പാലത്തെ ഹൗസ് ഫെഡ് ബിൽഡിംഗിൽ നാളെ രാവിലെ 10മണിക്ക് മന്ത്രി കെ.ടി.ജലീൽ ട്രൈബ്യൂണൽ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. 2013ൽ പാർലമെൻറ് ഭേദഗതി ചെയ്ത വഖഫ് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മൂന്നംഗ ട്രൈബ്യൂണൽ തുടങ്ങുന്നത്. ജില്ലാ ജഡ്ജി കെ. സോമനാണ് ട്രൈബ്യൂണൽ ചെയർമാൻ.
കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവടങ്ങളിലായി 672 കേസുകളാണ് ഉള്ളതെന്നും കക്ഷികളുടെയും, പരാതിക്കാരുടെയും സൗകര്യാർത്ഥം കേരളത്തിൽ എവിടെ വേണമെങ്കിലും സിറ്റിംഗ് നടത്താമെന്നും ട്രൈബ്യൂണൽ ചെയർമാൻ പറഞ്ഞു. എന്നാൽ ട്രൈബ്യൂണലിൽ നിഷപക്ഷരായ അംഗങ്ങളെയല്ല സർക്കാർ നിയമിച്ചതെന്ന് ആരോപിച്ച് സമസ്ത ,ട്രൈബ്യൂണലിന്റെ ഓഫിസിലേക്ക് ഇന്ന് മാർച്ചും ധർണയും സംഘടിപ്പിക്കും.
ധനവകുപ്പ് അണ്ടർ സെക്രട്ടറി എ.സി ഉബൈദുള്ള ,അഡ്വക്കേറ്റ് കെ ഹസൻ എന്നിവർ നോൺ ജുഡീഷ്യൽ അംഗങ്ങളാണ്. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന ഏകാംഗ
വഖഫ് ട്രൈബ്യൂണലുകൾ ഇതോടെ ഇല്ലാതാകും. വഖഫ് കേസുകൾ ഇനി കേൾക്കുക കോഴിക്കോട്ടെ ട്രൈബ്യൂണൽ മാത്രമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here