വിഴിഞ്ഞത്ത് കയ്യേറ്റഭൂമി ഒഴിപ്പിക്കാനെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും കയ്യേറ്റക്കാർ തടഞ്ഞു

തിരുവനന്തപുരം വിഴിഞ്ഞത്ത് കയ്യേറ്റഭൂമി ഒഴിപ്പിക്കാനെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും കയ്യേറ്റക്കാർ തടഞ്ഞു. മതിയായ പോലീസ് സേനാംഗങ്ങൾ ഇല്ലാത്തതിനാൽ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ പോലീസിനായില്ല.
1995 ലുണ്ടായ കലാപത്തിനു ശേഷമാണ് ഇവിടെയുണ്ടായിരുന്ന മത്സൃ തൊഴിലാളികളുടെ 16 ഷെഡ്ഡുകൾ സർക്കാരിടപെട്ട് മാറ്റുന്നത്. പിന്നീട് ഈ സ്ഥലത്ത് ഫിഷിങ് ഹാർബറും കോസ്റ്റൽ പോലീസ് സ്റ്റേഷനും നിർമ്മിച്ചു. മാറ്റിപ്പാർപ്പിച്ചവർക്കു നൽകിയ ഷെഡ്ഡുകൾ തീപ്പിടിത്തത്തിൽ നശിക്കുകയും ചെയ്തു. പിന്നീട് താത്കാലികമായി ലഭിച്ച ഭൂമിയിൽ മത്സ്യതൊഴിലാളികൾ സ്വന്തമായി നിർമ്മാണ പ്രവർത്തനം നടത്തി. എട്ടു പേരുടെ കെട്ടിടങ്ങൾ മുൻപേ പണിഞ്ഞിരുന്നു. അനുവാദമില്ലാതെ വീണ്ടും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് ഇടപെട്ടത്.വിഴിഞ്ഞം പോലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടം പൊളിച്ചു നീക്കാനായി സ്ഥലത്തെത്തി. മത്സ്യതൊഴിലാളികൾ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പോലീസും തൊഴിലാളികളുമായി ഉന്തും തള്ളുമുണ്ടായി.
മൂന്നു മണിക്കൂർ ശ്രമിച്ചെങ്കിലും മത്സ്യതൊഴിലാളികളുടെ എതിർപ്പ് മറികടന്ന് കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയാത്തതോടെ ഉദ്യോഗസ്ഥർ മടങ്ങി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നത്തിനു കാരമെന്നും വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.
സർക്കാർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗസ്ഥർ.വകുപ്പ് തലത്തിൽ ചർച്ച നടത്തി അടുത്ത നടപടിയെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here