മാധ്യമ പ്രവര്‍ത്തകന്റെ കൊല; ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ വിധി ഇന്ന്

മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. പഞ്ച്കുള പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ ഗുര്‍മീതടക്കം നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് ജനുവരി പതിനൊന്നിന് കോടതി കണ്ടെത്തിയിരുന്നു. വിധിക്കു മുന്നോടിയായി കനത്ത സുരക്ഷയാണ് പഞ്ചാബിലും ഹരിയാനയിലും ഒരുക്കിയിരിക്കുന്നത്.
2002 ഒക്ടോബര്‍ 24നാണ് പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ ഛത്രപതിയെ വിവാദ ആൾ ദൈവം ഗുര്‍മീതും അനുയായികളും ചേര്‍ന്ന് കൊല്ലപ്പെടുത്തിയത്. ഗുർമിതിന്റെ സിർസയിലെ ആശ്രമത്തിൽ വനിതകൾ ബലാത്സംഘത്തിനിരായാകുന്നുവെന്ന വാർത്ത നൽകിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.
ഈ കേസ് 2006ലാണ് സി ബി ഐ ഏറ്റെടുത്തത്. നീണ്ട 12 വര്‍ഷത്തിന് ശേഷം ഈ മാസം പതിനൊന്നിന് ഗുര്‍മീതും മൂന്ന് അനുയായികളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസില്‍ ശിക്ഷ വിധിയ്ക്കുക. ബലാത്സംഗക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. 20 കൊല്ലത്തേക്ക് ശിക്ഷിക്കപെട്ട ഗുർമീത് റോഹ്തക്ക് ജില്ലയിലെ സുനാരിയ ജയിലിലാണ്. ശിക്ഷ വിധി കേൾക്കാൻ അവിടെ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുല്‍ദീപ് സിംഗ്, നിര്‍മല്‍ സിംഗ്, കിഷന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബലാല്‍സംഗക്കേസില്‍ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് 2017 ല്‍ വിധി വന്നപ്പോൾ വിവാദ ആള്‍ ദൈവത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 30അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here