കരിമണൽ ഖനന വിഷയത്തിൽ സർക്കാർ സമർദ്ദത്തിൽ

കരിമണൽ ഖനന വിഷയത്തിൽ സർക്കാർ സമർദ്ദത്തിൽ. കടുത്ത നിലപാടുമായി വി.എസ് രംഗത്തെത്തിയതാണ് സർക്കാരിനെ ആലപ്പാട് വിഷയം കൂടുതൽ സമ്മർദ്ദത്തിലാക്കിയത്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയത്തെ മുതലെടുക്കാനൊരുങ്ങുന്ന യുഡിഎഫിനെ എങ്ങനെ പ്രതിരോധിക്കുമെന്നതും സർക്കാരിന് വെല്ലുവിളിയാണ്. ആലപ്പാട് സമരത്തെ തുടക്കം മുതൽ തള്ളിപ്പറഞ്ഞ സിപിഎം ന് ഒടുവിൽ സമരത്തെ അംഗീകരിക്കേണ്ടി വന്ന കാഴചയാണ് സമീപ ദിവസങ്ങളിൽ കണ്ടത്.
നവ മാധ്യമങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച സമരത്തെ അതേ തന്ത്രമുപയോഗിച്ച് തിരിച്ച് തോൽപ്പിക്കാനും സിപിഎം ശ്രമിച്ചിരുന്നു.എന്നാൽ യുഡിഎഫ് ഒന്നടങ്കം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചതും സി.പി.ഐ വ്യത്യസ്ത നിലപാടു സ്വീകരിച്ചതും സർക്കാരിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ടും ഖനന കമ്പനികൾക്കനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാരിനെ വെട്ടിലാക്കിയത് വി.എസിന്റെ നിലപാടാണ്. ഖനനം പൂർണമായും നിർത്തണമെന്ന വി.എസിന്റെ ആവശ്യം സർക്കാരിന് കനത്ത തിരിച്ചടിയായി. വിഷയത്തിൽ നീതിപൂർവമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ വി.എസ്.നിയമ പോരാട്ടത്തിന് തയ്യാറാകുമെന്നാണ് സൂചന.
സമാന വിഷയങ്ങളിൽ മുൻകാലങ്ങളിൽ വി.എസ്. സ്വീകരിച്ച നിലപാടുകൾ സർക്കാരിനെ വെട്ടിലാക്കിയത് ചരിത്രം. ഈ സാഹചര്യത്തിലാണ് പ്രശ്നം എങ്ങനെയും പരിഹരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും മുന്നണിയിലും ഉയരുന്നത്. മരണം വരെ സമരം എന്ന നിലപാടിൽ സമരസമിതി മുന്നോട്ടു പോയാൽ സർക്കാർ ഖനന കാര്യത്തിൽ വീണ്ടുവിചാരം നടത്തുമെന്നുറപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here