സഹകരണവകുപ്പ് നിരത്തിലിറക്കിയ 141 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളിൽ നിലവിലുള്ളത് 60 എണ്ണം മാത്രം

2011ൽ സഹകരണ വകുപ്പ് നിരത്തിലിറക്കിയ 141 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളിൽ 60 എണ്ണം മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്. തിരുവനന്തപുരത്ത് 12 വാഹനങ്ങൾ ഉള്ളപ്പോൾ എറണാകുളം ജില്ലയിൽ ഒരു വാഹനം പോലും ത്രിവേണി സ്‌റ്റോറിനില്ല എന്ന് വിവരാവകാശ രേഖ. കൃത്യമായ പരിശോധനകൾ ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ വീഴ്ചയും ആകാം വാഹനങ്ങൾ പകുതിയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത്.
നിത്യോപയോഗ സാധനങ്ങൾക്ക് വില ക്രമാതീതമായി വർദ്ധിച്ചപ്പോൾ അതിനെ പിടിച്ചു നിർത്താനായിരുന്നു സഹകരണ വകുപ്പിന് കീഴിൽ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ ആരംഭിച്ചിരുന്നത്. 201118 കാലയളവിൽ 141 വാഹനങ്ങളായിരുന്നു സംസ്ഥാന സഹകരണ വകുപ്പ് നിരത്തിലിറക്കിയിരുന്നത്. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം വെറും 60 മൊബൈൽ ത്രിവേണി സർവ്വീസുകൾ മാത്രമാണ് നിരത്തിലുള്ളതെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരത്ത് 12ഉം കൊല്ലത്ത് 11ഉം കോഴിക്കോട് 5ഉം വാഹനങ്ങൾ സർവ്വീസ് നടത്തുമ്പോൾ എറണാകുളം ജില്ലയിൽ നിലവിൽ ഒരു വാഹനം പോലും ഇല്ല എന്നതും ഏറെ ശ്രദ്ധേയം.
പല വാഹനങ്ങളും കേടായാൽ നിരത്തുകളിൽ മാസങ്ങളോളം കിടക്കുകയും ഒടുവിൽ തുരുമ്പെടുത്ത് നശിക്കുകയുമാണ് ചെയ്യുന്നത്. വാഹനങ്ങളുടെ കാര്യത്തിൽ കൃത്യമായ പരിശോധനകൾ ഒന്നും തന്നെ സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here