ലാറയെ മറികടന്ന് മുന്നോട്ട്; ഇന്ത്യന്‍ നായകന്റെ കുതിപ്പ്

ഓരോ മത്സരങ്ങള്‍ കഴിയുംതോറും കോഹ്‌ലി കുതിപ്പ് തുടരുകയാണ്. മുന്നോട്ട് വച്ച കാല്‍ മുന്നോട്ട് തന്നെ എന്ന മട്ടാണ് കോഹ്‌ലിക്ക്. പല കാര്യങ്ങളിലും വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുമ്പോഴും അതൊന്നും കോഹ്‌ലിയുടെ ബാറ്റിനെ ബാധിക്കുന്നില്ല. ഇന്ത്യയുടെ റണ്‍ മെഷീന്‍ മുന്നോട്ട് തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലും കോഹ്‌ലി ഒരു നേട്ടം സ്വന്തമാക്കി.
ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ കോഹ്‌ലി മറികടന്നു. മത്സരത്തിനിടെ മിച്ചല്‍ സാന്റനറുടെ പന്ത് ബൗണ്ടറി കടത്തിയാണ് കോഹ്‌ലി, ലാറയുടെ ഏകദിന കരിയര്‍ റണ്‍സായ 10,405 മറികടന്നത്. മത്സരത്തില്‍ മൊത്തം 45 റണ്‍സ് നേടിയ കോഹ്‌ലിയുടെ ഏകദിനത്തിലെ ഇപ്പോഴത്തെ സമ്പാദ്യം 10,430 റണ്‍സാണ്. 220 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് സമ്പാദിച്ചത്. എന്നാല്‍, ലാറ 10,405 റണ്‍സ് നേടിയത് 299 ഏകദിനങ്ങളില്‍ നിന്നാണ്.
ലോകത്ത് 10,000 ഏകദിന റണ്ണുകള്‍ തികയ്ക്കുന്ന 13 -ാമത്തെ താരമായ കോഹ്‌ലി, നിലവില്‍ ഏകദിന റണ്‍ വേട്ടയില്‍ പത്താം സ്ഥാനത്താണ്. ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ ഗാംഗുലിക്കും, ദ്രാവിഡിനും പിന്നിലാണ് നിലവില്‍ കോഹ്‌ലി. അടുത്ത് തന്നെ ഇരുവരെയും കോഹ്‌ലി മറികടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here