കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി എന്‍ഐഎയുടെ പിടിയില്‍

2006 ലെ കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് അസ്ഹറാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അസ്ഹറെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റു ചെയ്തതായാണ് വിവരം.
2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോടിനെ നടുക്കിയ ഇരട്ട സ്‌ഫോടനം നടന്നത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡിലും, മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലുമായി 30 മിനിട്ട് ഇടവിട്ടായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. കേരളത്തില്‍ എന്‍ ഐ എ അന്വേഷിക്കുന്ന ആദ്യ കേസാണിത്. 2009 ല്‍ കേരള പൊലീസില്‍ നിന്നും എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. 2010 ല്‍ എട്ടു പേരെ കുറ്റക്കാരാക്കി എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. 2011 ല്‍ നാല് പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
കണ്ണൂര്‍ സ്വദേശിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബോംബ് നിര്‍മ്മാണം മുതല്‍ സ്‌ഫോടനം നടത്തുന്നതുവരെ നസീറിന് പങ്കാളിത്തം ഉണ്ടായിരുന്നതായി എന്‍ ഐ എ കണ്ടെത്തിയിരുന്നു. നസീറിന് മൂന്ന് ജീവപര്യന്തവും 1,60000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നസീറിനെ കൂടാതെ അബ്ദള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here