ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യമില്ല; കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും

ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലേക്കുമായി ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെലുങ്കു ദേശം പാര്‍ട്ടിയുമായുള്ള ബന്ധം ദേശീയ തലത്തില്‍ മാത്രം വെച്ചുപുലര്‍ത്തും. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരി 31 ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിസിസി പ്രസിഡന്റ് എന്‍ നാഗുവീര റെഡ്ഡിയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ സംസ്ഥാനമാകെ ബസ് യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് ജനങ്ങള്‍ക്ക് അറിയാം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പുവെയ്ക്കുന്നത് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഫയലിയായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ടിഡിപിയുമായുള്ള സഖ്യകാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്ന് പി സി സി അധ്യക്ഷന്‍ രഘുവീര റെഡ്ഡി പരഞ്ഞു. എന്നാല്‍ ആന്ധ്രയില്‍ ഒറ്റക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മികച്ച ബന്ധമാണ് ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു വെച്ചു പുലര്‍ത്തുന്നത്. എന്നാല്‍ ടിഡിപിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്ന ജനവികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് ടിഡിപിയില്‍ നിന്നും വിട്ട് മത്സരിക്കാന്‍ കോണ്‍ഗ്രസിസ് തീരുമാനിച്ചതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here