രഞ്ജിയില്‍ കേരളത്തിന് വീണ്ടും ബാറ്റിങ് തകര്‍ച്ച ; 7 വിക്കറ്റുകള്‍ നഷ്ടം

വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് ബാറ്റിങില്‍ ദയനീയ തകര്‍ച്ച. 102 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സ് കരുതലോടെയാണ് തുടങ്ങിയതെങ്കിലും വിക്കറ്റുകള്‍ തുടര്‍ച്ചയായി കൈവിട്ടതോടെ നില പരുങ്ങലിലായി. നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്നിങ്സ് തോല്‍വിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
സ്ക്കോര്‍ 59 ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ കേരളം തുടര്‍ന്ന് 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകളാണ് കൈവിട്ടത്. വിദര്‍ഭയ്ക്കായി ഉമേഷ് യാദവും യാഷ് താക്കൂറും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാവിലെ ഒന്നാം ഇന്നിംഗ്സില്‍ 5 വിക്കറ്റിന് 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച വിദര്‍ഭ 208 റണ്‍സിന് ഓള് ഔട്ടായിരുന്നു.
അഞ്ച് വിക്കറ്റുകള്‍ പിഴുത സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് വിദര്‍ഭയെ വലിയ ലീഡിലേക്ക് വിടാതെ ഒതുക്കിയത്. എം.ഡി.നിധീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here