Advertisement

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇനി ‘ജഗ്ഗു’ ഇല്ല

January 25, 2019
1 minute Read

കേരള താരവും മുന്‍ ക്യാപ്റ്റനുമായ വി.എ.ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രഞ്ജിട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെയായിരുന്നു ജഗദീഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഈ സീസണില്‍ കേരളത്തിന്റെ 10 കളികളില്‍ ഏഴിലും കളിച്ച ജഗദീഷ് ഒരു സെഞ്ച്വറിയുള്‍പ്പെടെ 221 റണ്‍സ് നേടിയിരുന്നു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 72 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജഗദീഷ് 33.79 ശരാശരിയില്‍ 3548 റണ്‍സ് നേടിയിട്ടുണ്ട്.

പുറത്താവാതെ നേടിയ 199 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 8 സെഞ്ച്വറികളും 18 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 2004 ല്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തിലായിരുന്നു കേരളത്തിനു വേണ്ടി ജഗദീഷിന്റെ അരങ്ങേറ്റം. ഇന്ത്യ എ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

ടീമില്‍ സഹതാരങ്ങള്‍ക്കിടയില്‍ ‘ ജഗ്ഗു ഭായി ‘ എന്നറിയപ്പെടുന്ന ഈ 35 കാരന്‍ രഞ്ജിയില്‍ കേരളത്തിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോഡ് 2013 ല്‍ സ്വന്തമാക്കിയിരുന്നു. നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 871 റണ്‍സാണ് ജഗദീഷ് അന്ന് നേടിയത്. അണ്ടര്‍ 19 കേരള ടീമില്‍ കളിച്ചുകൊണ്ടിരിക്കെ 2002 ല്‍ എസ്.ബി.ടി.യിലെത്തിയ ജഗദീഷ് 2004 ല്‍ കേരള ടീമിലും ഇടം പിടിച്ചു.

രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സെമിഫൈനലില്‍ കളിച്ച ചരിത്രവേദി തന്നെ വിരമിക്കലിനുള്ള വേദിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൃത്യമായ സമയത്താണ് തീരുമാനമെന്നും വി.എ.ജഗദീഷ് പറഞ്ഞു.കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ് ജഗദീഷ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top