പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രം; നിലപാട് മാറ്റി രാജകുടുംബം

പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന മുന്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് രാജ കുടുംബം സുപ്രീം കോടതിയില്‍ നിലപാടെടുത്തു. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്. അതേസമയം, ക്ഷേത്ര ഭരണത്തിന്‍റെ അവകാശം തങ്ങള്‍ക്കുണ്ടെന്ന് രാജകുടുംബം വാദിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം നാളെയും തുടരും.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്ര ഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെയും രാജകുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശമില്ലെന്നു വിധിക്കെതിരെയും നല്‍കിയ അപ്പീലുകളും പരിഗണിക്കവേയാണ് സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം നിലപാട് മാറ്റിയത്.
പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജകുടുംബം വാദിച്ചിരുന്നത്. ഈ നിലപാടല്ല ഇപ്പോള്‍ ഉള്ളതെന്നും ക്ഷേത്രം പൊതു ക്ഷേത്രമാണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ആസ്തി രാജ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണ്. എങ്കിലും ക്ഷേത്ര ഭരണത്തിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് രാജ കുടുംബം കോടതിയില്‍ വാദിച്ചു.
അമിക്കസ് ക്യൂറിയായി പുതുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആവശ്യം എങ്കില്‍ അക്കാര്യത്തെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നും ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രമണ്യം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. കേസില്‍ നാളെയും വാദം തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here