ശബരിമല; പുനഃപരിശോധനാ ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കും

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹർജികൾ അടുത്ത ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. ഹർജികൾ ജനുവരി 22 നു പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ കേസ് പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപ്പരിശോധന ഹർജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ സുപ്രീം കോടതി
രജിസ്റ്റ്ട്രി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ ഹര്‍ജി അന്നേ ദിവസം പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇല്ലാതെ പുനഃപ്പരിശോധന ഹർജികളിലെ വാദം കേള്‍ക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു അദ്ദേഹം. യുവതീപ്രവേശത്തില്‍ ഭിന്ന വിധി എഴുതിയ ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.അവർ അവധി കഴിഞ്ഞ് തിരികെയെത്തിയതിനാലാണ് ഹർജി പരിഗണിക്കാന്‍ കോടതി തീരുമാനമെടുക്കുന്നത്.
യുവതീ പ്രവേശനത്തിനെതിരെ 50 ഓളം പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here