സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനം: മൂന്നാമത്തെ ജഡ്ജിയും പിന്മാറി

സിബിഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കുന്നതിൽ നിന്നും മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എൻ വി രമണയാണ് കേസിൽ നിന്നും പിന്മാറിയത്. എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു.
നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്, ജസ്റ്റിസ് എ കെ സിക്രി എന്നിവർ കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. അലോക് വർമയുടെ കേസ് പരിഗണിച്ച് അദ്ദേഹത്തെ തിരിച്ച് സിബിഐയുടെ തലപ്പത്തേക്ക് എത്തിക്കാൻ ഉത്തരവിട്ടതിനാലാണ് രഞ്ജൻ ഗോഗൊയ് കേസിൽ നിന്നും പിന്മാറിയത്. ജനുവരി 21നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം.
തൊട്ടു പിന്നാലെ ജനുവരി 24 ന് സിക്രിയും കേസിൽ നിന്നും പിന്മാറി. തുടർന്നാണ് കേസ് പരിഗണിക്കാൻ ജസ്റ്റിസ് രമണ എത്തുന്നത്. മൂന്നാമത്തെ ജഡ്ജിയും പിന്മാറിയതോടെ നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി കേസ് ആര് പരിഗണിക്കുമെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് ആണ് പരിഗണിക്കുക.
നാഗേശ്വർ റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്ത് എൻജിഒ സംഘടനയായ കോമൺ കോസാണ് ഹർജി ഫയൽ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here