ഇടക്കാല ബജറ്റ്; പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

പ്രളയ പുനർനിർമ്മാണത്തിനും ശബരിമല വികസനത്തിനുമായി പ്രത്യേക പദ്ധതികളും പുതിയ ട്രെയിന്‍ സർവ്വീസുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. വരുമാന നികുതിയുടെ പരിധി ഉയർത്തുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ ഇടത്തരക്കാരെ പോലെ കേരളത്തിലെ ജനങ്ങള്‍ക്കും പ്രയോജനകരമാകും. പ്രളയ പുനർ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമോയെന്നതാണ് കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്ന കാര്യങ്ങളിലൊന്ന്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രളയ ദുരിതാശ്വാസത്തിന് തുക അനുവദിച്ചെങ്കിലും പുനർനിർമ്മാണത്തിനായി ഭീമമായ തുക ആവശ്യമായി വരുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ബജറ്റില്‍ പുനർനിർമ്മാണത്തിനായി പ്രത്യേകം പദ്ധതിയോ മറ്റ് പദ്ധതികളില്‍ തുക വകയിരുത്തകയോ ചെയ്യുമെന്നാണ് പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയമായി ബി ജെ പി ഉയർത്തി കൊണ്ട് വന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് ശബരിമല വികസത്തിനുള്ള സഹായം പ്രതീക്ഷിക്കാം. തീരദേശ വികസനത്തിനായുള്ള പദ്ധതികളും സംസ്ഥാനം പ്രതീക്ഷിക്കന്നുണ്ട്.
ദീർഘകാലത്തെ ആവശ്യമായ എയിംസ്, പാലക്കാട്ടെ ഐ ഐ ടി വികസനം തുടങ്ങിയ കാര്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകുമോയെന്നും കേരളം ഉറ്റുനോക്കുന്നു. ഇടക്കാല ബജറ്റ് ആയത് കൊണ്ട് തന്നെ രാജ്യത്തെ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന തരത്തിലുള്ള പദ്ധതികളാവും പീയുഷ് ഗോയല്‍ പ്രഖ്യാപിക്കുകയെന്നും സൂചനയുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിന്‍റെ മാത്രം ആവശ്യങ്ങളെ എത്ര മാത്രം പരിഗണിക്കുമെന്ന് ഉറ്റ് നോക്കുകയാണ് സംസ്ഥാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here