സുരക്ഷ തേടി സി.ബി.ഐ; കൊല്‍ക്കത്തയിലെ ഓഫീസില്‍ കേന്ദ്രസേനയെ വിന്യസിച്ചു

കൊല്‍ക്കത്തയിലെ സി.ബി.ഐ. ഓഫീസ് ബംഗാള്‍ പോലീസ് വളഞ്ഞതിനു പിന്നാലെ നടപടിയുമായി കേന്ദ്രം. സിബിഐ ഓഫീസില്‍ കേന്ദ്രസേനയായ സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി.
കേന്ദ്രസേന എത്തിയതോടെ പോലീസ് സ്ഥലത്തു നിന്നും പിന്‍വാങ്ങി. സിബിഐ ഓഫീസ് ആക്രമിക്കപ്പെടാനും തെളിവുകളും രേഖകളും നഷ്ടപ്പെടാനുമുള്ള സാധ്യത മുന്‍ നിര്‍ത്തി സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.
ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ സിബിഐ സംഘത്തെ ഇന്നു വൈകീട്ട് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബലം പ്രയോഗിച്ച് കമ്മീഷണറുടെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സിബിഐ സംഘത്തെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here