എം.പി.ദിനേശ് ചുമതലയേറ്റു; സഹകരിച്ചു പോകുമെന്ന് കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ എം.ഡി.

പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി.യായി എം.പി.ദിനേശ് ചുമതലയേറ്റു. ഇന്നു രാവിലെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. സര്‍ക്കാര്‍ ഏല്‍പ്പിച്ച ചുമതല ശരിയായി നിറവേറ്റുകയാണ് ദൗത്യമെന്ന് ചുമതലയേറ്റ ശേഷം എം.പി.ദിനേശ് പറഞ്ഞു. ഉത്തരവാദിത്വമുള്ള ചുമതല ഏല്‍പ്പിച്ചതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ട്. കാലാവധി പ്രശ്‌നമല്ലെന്നും എല്ലാവരുമായി സഹകരിച്ചു പോകുമെന്നും എല്ലാവരുടെയും നന്‍മയ്ക്കായി ജോലി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞാണ് എം.പി ദിനേശ് കെ.എസ്.ആര്‍.ടി.സി യിലെ ചുമതല ഏറ്റെടുക്കുന്നത്. മെയ് വരെയാണ് സര്‍വീസ് കാലാവധി. കഴിഞ്ഞ മാസം 30 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടോമിന്‍ ജെ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്. നാല് മാസം മാത്രം സര്‍വ്വീസ് ബാക്കിയുള്ള എം പി ദിനേശിന് പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്.
കടുത്ത പ്രതിസന്ധിയിലുള്ള കരകയറ്റാനുള്ള ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ സമയം തീരെ കുറവാണ്. തച്ചങ്കരിയുടെ കാലത്ത് രണ്ട് തട്ടില്‍ നിന്ന തൊഴിലാളി സംഘടനകളെയും ഡയറക്ടര്‍ ബോര്‍ഡിനെയും കൂടെ നിര്‍ത്തലും എം പാനല്‍ ജീവനക്കാരുടെ പ്രശ്നങ്ങളുമെല്ലാം വെല്ലുവിളികളാകും. എന്നാല്‍ ഏറ്റുമുട്ടലിനല്ല സമവായത്തിനാണ് താല്പര്യമെന്ന് പുതിയ എം.ഡി. ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here